കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കര്‍ഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ.രാജഗോപാല്‍ എതിര്‍ത്തു. എന്നാല്‍ പ്രമേയം പാസാക്കുന്ന ഘട്ടത്തില്‍ രാജഗോപാല്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.

പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന ഭേദഗതി കോണ്‍ഗ്രസില്‍ നിന്നും കെസി ജോസഫ് മുന്നോട്ട് വച്ചെങ്കിലും അതു സഭ വോട്ടിനിട്ട് തള്ളി. പിന്നാലെ യുഡിഎഫ് – എല്‍ഡിഎഫ് എംല്‍എമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയായിരുന്നു. ആരും എതിര്‍ത്തു വോട്ട് ചെയ്തില്ല എന്നാണ് സ്പീക്കര്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനമാണുള്ളത്. കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണ്.

സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്‍ വിപണിയില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര നിയമഭേദഗതി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പുതിയ നിയമം കര്‍ഷകരില്‍ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക രംഗത്ത് വന്‍ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കര്‍ഷകരുടെ വില പേശല്‍ ശേഷി കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രമേയത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Top