kerala missing case;The special investigating team report was handed over to DGP

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും 17 പേരെ കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി.

സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തുടരന്വേഷണം കൂടുതല്‍ ഉന്നത തലത്തില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 17പേരെ കാണാതായ സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കിയ സാഹചര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

അന്താരാഷ്ട്ര ബന്ധമുള്ള സംഭവമായതിനാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം ഗുണകരമാകില്ലെന്ന നിഗമനത്തോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജില്ലയില്‍ നിന്നും 17പേരെ കാണാതായ സംഭവത്തില്‍ ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരള പൊലീസ് വകുപ്പ് 57 പ്രകാരം എടുത്തിട്ടുള്ള കേസായതിനാല്‍ നിലവില്‍ എന്‍ഐഎക്ക് അന്വേഷണം കൈമാറാനും സാധിക്കില്ല.

ഇതോടെ കാണാതായവര്‍ക്കെതിരെ യുഎപിഎ ചുമത്തി അന്വേഷണം എന്‍ഐഎക്ക് കൈമാറാനാണ് ഉന്നതോദ്യോഗസ്ഥരുടെ നീക്കം.

Top