ചെന്നൈ: കേരളത്തിലെ മഴക്കെടുതി നേരിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി അഞ്ച് കോടി രൂപ നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമി അറിയിച്ചു.
അതേസമയം, മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കാണുന്നത്.
നേരത്തെ മഴക്കെടുതി നേരിടാന്‍ മലയാള സിനിമയിലെ താര സംഘടനയായ അമ്മ അഞ്ച് ലക്ഷം രൂപ സര്‍ക്കാരിന് നല്‍കിയിരുന്നു. മുകേഷ് എം.എല്‍.എയും ജഗദീഷും ചേര്‍ന്നാണ് തുക സര്‍ക്കാരിന് കൈമാറിയത്.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ 20 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 പേര്‍ മരിച്ചു. മലപ്പുറത്ത് മഴ കവര്‍ന്നെടുത്തത് ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ്.
വയനാട്ടിലും മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി. പെരിയാര്‍വാലിയില്‍ രണ്ടുപേരെയും കാണാതായിട്ടുണ്ട്.