ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാ അത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സഹോദരൻ കെ എം അബ്ദുറഹ്‌മാൻ പറഞ്ഞു.

‘കൊലക്കേസ് പ്രതി കലക്ട്രേറ്റ് വാഴുന്നു. പ്രതിയെ വിശുദ്ധനാക്കാൻ ആർക്കാണ് തിടുക്കം, സർക്കാർ നീതി നിഷേധിക്കരുത്’ എന്നീ മുദ്രാവാക്യമുയർത്തി ആണ് കേരള ജമാഅത്ത് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ആയിരത്തിലേറെ പ്രവർത്തകർ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി. എസ് വൈ എസ്, എസ് എസ് എഫ് അടക്കമുള്ള യുവജന സംഘടനകളും മാർച്ചിനെത്തി. പതിനൊന്ന് മണിയോടെയാണ് സെക്രട്ടറിയറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും മാർച്ച് തുടങ്ങിയത്. തിടുക്കപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെ ജമാഅത്ത് നേതാക്കൾ രൂക്ഷമായി വിമർശിച്ചു.

Top