തൃശ്ശൂര്‍: കല്‍ബുര്‍ഗിയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചയാളുമായി അടുത്തിടപഴകിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഐസൊലേഷനില്‍. ഇന്നലെ രാത്രി തൃശ്ശൂരില്‍ എത്തിയ കുട്ടി രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നതിനെത്തുടര്‍ന്നാണ് നടപടി.
കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് തൃശ്ശൂരില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 11 വിദ്യാര്‍ത്ഥിനികളാണ് ജയന്തി ജനതാ എക്‌സ്പ്രസില്‍ തൃശ്ശൂരിലെത്തിയത്. ഇതിലൊരാള്‍ക്ക് പനിയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവര്‍ എത്തുന്ന വിവരം ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് രാവിലെ 2:15ന് തന്നെ ആരോഗ്യവകുപ്പ് അധികൃര്‍ സ്റ്റേഷനിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൂടെയുള്ള മറ്റ് പത്ത് വിദ്യാര്‍ത്ഥിനികളെയും ആംബുലന്‍സില്‍ തന്നെയാണ് വീടുകളിലെത്തിച്ചത്. ഇവര്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാതിരിക്കാനായിരുന്നു ഈ നീക്കം.
എന്നാല്‍ സംഭവത്തില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടികള്‍ സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫെബ്രുവരി 29 ന് സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 76കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖാണ് കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ മരണത്തിന് ശേഷമായിരുന്നു ഇയാളില്‍ വൈറസ് സ്ഥിരീകരിച്ചത്. മാര്‍ച്ച് അഞ്ചിന് ഇദ്ദേഹം അസുഖബാധിതനാവുകയും തുടര്‍ന്ന് കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. എന്നാല്‍ നില ഗുരുതരമായതോടെ ഇദ്ദേഹത്തെ മാര്‍ച്ച് ഒന്‍പതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വച്ച് രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് മടക്കി അയച്ചു. പതിനൊന്നാം തീയതി മരിക്കുകയും ചെയ്തു.