തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ സ്ഥിരീകരണം നടത്തിയത്. ഇതോടെ കേരളത്തിലെ രോഗ ബാധിതരുടെ എണ്ണം രണ്ടായി.
സ്ഥിതി നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലാണ് ആരോഗ്യ വകുപ്പിന് ഉള്ളത്. ആരോഗ്യ സെക്രട്ടറി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ എല്ലാവരേയും നിരീക്ഷിക്കാന്‍ നേരത്തെ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ ചൈനയില്‍ നിന്നെത്തിയ ആളാണെന്ന് അധികൃതര്‍ പറഞ്ഞു.അതേസമയം ആര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നോ, ഇവര്‍ എവിടെയാണെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ആദ്യം രോഗ ബാധ സ്ഥിരീകരിച്ച്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കുകയും എഴുന്നേറ്റു നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. തൊണ്ടവേദനയ്ക്കും ചുമയ്ക്കും കുറവുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.