കോഴിക്കോട്: സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടേണ്ടതില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. മദ്യശാലകള്‍ ഉള്‍പ്പടെയുള്ള ഒരു കടയും അടിച്ചിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും എന്നാല്‍ ഭാവിയില്‍ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. മാത്രമല്ല ആളുകള്‍ കൂടുന്ന സ്ഥലങ്ങളും സാഹചര്യങ്ങളും ഒഴിവാക്കാനും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന സംശയം കേരളത്തില്‍ ഉയര്‍ന്നിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മദ്യശാലകള്‍ അടക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മന്ത്രി ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം തലസ്ഥാനത്ത് നിലവില്‍ മൂന്നുപേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവ അടയ്ക്കാനും നിര്‍ദേശമുണ്ട്.
ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.