കള്ള സന്ദേശം പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും, ഇനി ക്ഷമിക്കില്ല; ക്ഷുഭിതനായി മന്ത്രി

EP Jayarajan

കണ്ണൂര്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്നും നാട്ടിലെത്തിയ ആളുകളെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍. എന്നാല്‍ ഇത്തരം പ്രചാരണം നടത്തുന്നവര്‍ നിയമത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി സോഷ്യല്‍മീഡിയകളിലും പ്രത്യേകിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലുമാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പരക്കുന്നത്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ഡോക്ടര്‍ക്കും വൈറസ് സ്ഥിരീകരിച്ചെന്നായിരുന്നു വ്യാജ വാര്‍ത്ത. പെരിങ്ങോത്തെ കൊവിഡ് രോഗി ആദ്യം ചെന്നത് പയ്യന്നൂരിലെ ഡോക്ടറുടെ അടുത്തേക്കായിരുന്നു. ദിവസവും നൂറിലേറെ പേരെ പരിശോധിക്കുന്ന ഈ ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചെന്ന് ഗ്രൂപ്പുകളില്‍ വന്നതോടെയാണ് മന്ത്രി ക്ഷുഭിതനായത്. ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ അതിന്റെ പ്രത്യാഘാതത്തെ കുറിച്ച് ഓര്‍ക്കുന്നില്ല.

അതേസമയം ഈ രോഗിയുടെ ഒരു ബന്ധു രാമന്തളിയില്‍ എത്തിയിരുന്നു എന്നതാണ് വാട്‌സാപ്പില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു വാര്‍ത്ത. ഈ വ്യാജ സന്ദേശം വന്നതുമുതല്‍ രാമന്തളിയില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ്. പഴങ്ങാടി ഏഴോത്ത് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്ന വാര്‍ത്ത പ്രചരിച്ചതോടെ ആളുകള്‍ ആശുപത്രിയിലേക്ക് കൂട്ടമായാണ് ഓടിയത്. തലശ്ശേരിയില്‍ കൊറോണ സ്ഥിരീകരിച്ചു എന്ന് ഓഡിയോ സന്ദേശം പോലും പുറത്തിറങ്ങി.

വിദേശത്ത് നിന്ന് വന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്ന് വ്യാജ പ്രചാരണം നടത്തിയ ഒരാളെ പരിയാരത്ത് കേസെടുത്തിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളും വീതം രജിസ്റ്റര്‍ ചെയ്തിരുന്നു.

വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ മാത്രമല്ല അത് ഷെയര്‍ ചെയ്യുന്നവര്‍ക്കും എട്ടിന്റെ പണി വരുന്നുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ ഡിജിപി നല്‍കിയിരുന്നു. വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് ജാമ്യം പോലും കിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ സംസ്ഥാനത്തെ ഓരോ സ്റ്റേഷന്‍ പരിധിയിലും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ എല്ലായ്പ്പോഴും സോഷ്യല്‍ മീഡിയ നിരീക്ഷിക്കും. വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാന്‍ സൈബര്‍ ഡോമിന്റെ സഹായം തേടും.

Top