സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലുമാണ് വള്ളം മറിഞ്ഞത്. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. ചാലിയം സ്വദേശി അലി അസ്കറിനെയാണ് കോഴിക്കോട് വള്ളം മറിഞ്ഞ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ചാലിയത്ത് ആറുപേരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. ഇവരിൽ അഞ്ചുപേരെ ഒരു വിദേശ കപ്പൽ രക്ഷപ്പെടുത്തി. തുടർന്ന് ഇവരെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചു. രക്ഷപ്പെട്ടവർ ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാൾ സ്വദേശികളായ രണ്ടുപേരുമാണ് കൊച്ചി ജനറൽ ആശുപത്രിയിൽ ചികിൽസയിലുള്ളത്. ചാലിയത്തു നിന്ന് ഇരുപത് നോട്ടിക്കൽ മൈൽ ദൂരെയായിരുന്നു അപകടം. ശക്തമായ തിരയിലും കാറ്റിലും പെട്ട് വള്ളം മറിയുകയായിരുന്നു.
കൊല്ലം അഴീക്കലിൽ മറിഞ്ഞ ബോട്ടിൽ 36പേരുണ്ടായിരുന്നു. ഇതിൽ ഒരാളെ കാണാതാകുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ആലപ്പുഴയിലും സമാനമായ സാഹചര്യത്തിൽ കടലിൽ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കൽ തുറമുഖത്തിന് സമീപമാണ് അപകടം ഉണ്ടായത്. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ചാണ് തൊഴിലാളികൾ കടലിൽ ഇറങ്ങിയത് എന്നതും ഗൗരവകരമായ വിഷയമാണ്.