ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം!

kk shailaja

തിരുവനന്തപുരം: അവധിയിലുള്ള എല്ലാ ഡോക്ടരും ആശുപത്രി ജീവനക്കാരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൊറോണ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിരവധി ആളുകളാണ് ചികിത്സയിലുള്ളത്. അതേസമയം രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് മന്ത്രി ഇത്തരം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, വ്യക്തമായ കാരണങ്ങളില്ലാതെ അവധിയില്‍ പോയിട്ടുള്ളവരും ഉടന്‍ തന്നെ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

മാത്രമല്ല, സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനം ഒന്നടങ്കം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വൈറസിനെ തടയാന്‍ നടത്തുന്നത്. ഈ അവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു.

Top