കൊച്ചി: ഏറെ വിവാദമായ കൊച്ചിയിലെ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം തുടരുകയാണ്. അതിനിടെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി എന്ന നിര്‍ണായകമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സാക്ഷി വിസ്താരത്തിനിടെയാണ് ഇടവേള ബാബു കൂറുമാറിയത്. പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം ഇന്ന് കോടതിയില്‍ പറഞ്ഞത്. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുകയും ചെയ്തു.
തന്റെ അവസരങ്ങള്‍ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു പൊലീസില്‍ നല്‍കിയ മൊഴി. ഇക്കാര്യം ദിലീപിനോട് ചോദിച്ചെന്നും ഇടവേള ബാബുവിന്റെ മുന്‍ മൊഴിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം വിസ്താരത്തിനിടെ ഇടവേള ബാബു നിഷേധിച്ചു.