കമ്മീഷണറുടെ വാദം പൊളിയുന്നു? ഒരു പക്ഷെ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു; നഴ്‌സ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ജനങ്ങളെ നട്ടംതിരിച്ച കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടയില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നഴ്‌സ് രംഗത്ത്. മരിച്ച സുരേന്ദ്രന് പ്രഥമ ശുശ്രൂഷ നല്‍കിയ നഴ്‌സ് രഞ്ജുവാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

പതിനഞ്ച് മിനിറ്റോളം അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നല്‍കി. എന്നാല്‍, ആംബുലന്‍സ് എത്താന്‍ വൈകിയത് മരണത്തിലേക്ക് നയിച്ചു. ഒരു പക്ഷെ ആ മനുഷ്യനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും രഞ്ജു പറയുന്നു. ഗതാഗതക്കുരുക്ക് ആയതിനാലായിരുന്നു ആംബുലന്‍സ് എത്താന്‍ വൈകിയതെന്നും പിആര്‍എസ് ഹോസ്പിറ്റലിലെ നഴ്‌സായ രഞ്ജു കൂട്ടിച്ചേര്‍ത്തു.

അതേസമയം സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൊലീസിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ പ്രതികരിച്ചിരുന്നു. കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയില്ലെന്നും കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തി ഏഴ് മിനിറ്റിനുള്ളില്‍ തന്നെ അയാളെ ആശുപത്രിയിലെത്തിച്ചുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കളക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ വാദം തെറ്റാണെന്ന് നഴ്‌സിന്റെ വെളിപ്പെടുത്തലോടെ തെളിയുകയാണ്.

Top