കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു, നാട്ടുകാര്‍ ഇപ്പോഴും പ്രതിഷേധത്തില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി സര്‍വീസാണ് നിര്‍ത്തിവെച്ചിരുന്നത്.

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡിറ്റിഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നത്. എന്നാല്‍, അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ തീരുമാനിച്ചത്. സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

നാല് മണിക്കൂറിലേറെ നേരമാണ് തലസ്ഥാന നഗരിയെ വലച്ച് മിന്നല്‍ പണിമുടക്ക് നടന്നത്.രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് കുടുങ്ങിയത്.

എന്നാല്‍ മിന്നല്‍ പണിമുടക്കിനെതിരെ യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ആദ്യം നീക്കിയിട്ട് മറ്റ് വാഹനങ്ങള്‍ പോയാല്‍ മതി എന്ന നിലപാടിലാണ് യാത്രക്കാര്‍.

Top