തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ തോക്കുകളുടെ പരിശോധന തിങ്കളാഴ്ച. എഡിജിപി ടോമിന്‍ തച്ചങ്കരി നേരിട്ടെത്തിയാണ് തോക്കുകള്‍ പരിശോധിക്കുക. തോക്ക് കാണാതായിട്ടില്ലെന്ന പൊലീസ് വാദത്തിന്‍മേലാണ് ഈ പരിശോധന.
അതീവ പ്രഹരശേഷിയുള്ള 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്നാണു സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍
606 ഓട്ടോമാറ്റിക് റൈഫിളുകളും ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം,വെള്ളിയാഴ്ച പരിശോധനയ്ക്കായി തോക്കുകള്‍ എത്തിക്കണമെന്നു നിര്‍ദേശിച്ചെങ്കിലും മാവോയിസ്റ്റ് വേട്ട നടക്കുന്ന മലപ്പുറം, വയനാട് ജില്ലകളിലായി 44 റൈഫിളുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച എത്തിക്കാന്‍ കഴിയില്ലെന്നു പൊലീസ് അറിയിച്ചു. തുടര്‍ന്ന് മാവോയിസ്റ്റ് മേഖലയില്‍ അടക്കം ഉപയോഗിക്കുന്ന റൈഫിളുകള്‍ തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നിര്‍ദേശിക്കുകയായിരുന്നു.
വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണു നടക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ അടക്കമുള്ളവര്‍ വെടിയുണ്ടകള്‍ കാണാതായ കേസില്‍ പ്രതികളാണ്.