നെടുങ്കണ്ടം കസ്റ്റഡി മരണം;സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ജാമ്യ ഉത്തരവ് ചോദ്യംചെയ്യാതെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിമര്‍ശനം.

അറസ്റ്റ് ചെയ്ത ആറ് പൊലീസുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മാത്രമല്ല പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യം സി.ബി.ഐ മേല്‍കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ഈ നടപടി.

എഎസ്ഐമാരായ റെജിമോന്‍, റോയി പി വര്‍ഗീസ്, പൊലീസുകാരായ ജിതിന്‍ കെ ജോര്‍ജ്. സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാര്‍ഡ് ജയിംസ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

സിബിഐ അന്വേഷണത്തില്‍, കൊലപാതകത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കേസില്‍ എസ്ഐ സാബു ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്. ആറ് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സാബുവിനെ അറസ്റ്റു ചെയ്തത്.

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയ്ക്കാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ ജൂഡീഷല്‍ കമ്മീഷന്‍ അന്വേഷണം നടക്കുന്നതിനു പുറമേയാണ് കേസ് സിബിഐക്കും വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ്കുമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

Top