സ്ത്രീകളെ ശല്യം ചെയ്തത് ചോദിച്ചു, ഗൃഹനാഥനെ അയല്‍വാസി കൊലപ്പെടുത്തി

ചാരുംമൂട്: വയോധികനായ ഗൃഹനാഥനെ അയല്‍വാസിയായ യുവാവ് പട്ടാപ്പകല്‍ വീട്ടിലെത്തി കഴുത്തറുത്ത് കൊലപ്പെടുത്തി. നൂറനാട് പുലിമേല്‍ കാഞ്ഞിരവിളയില്‍ എഴുപത്തിമൂന്ന് വയസ്സുള്ള ഭാസ്‌കരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പുലിമേല്‍ തുണ്ടില്‍ ശ്യാംസുന്ദറിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഭാസ്‌കരന്റെ ഭാര്യ ശാന്തമ്മയ്ക്കും വെട്ടേറ്റിരുന്നു. ഇവരെ പരിക്കുകളോടെ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. അടുക്കളമുറ്റത്ത് ചക്കവെട്ടുകയായിരുന്നു ശാന്തമ്മയും ഭാസ്‌കരനും. ആ സമയം പ്രതി ചാടി വീഴുകയും ശാന്തമ്മയുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചുവാങ്ങുകയും അലക്കുകല്ലില്‍ കയറിനിന്നശേഷം ഭാസ്‌കരനെ ആക്രമിക്കുകയുമായിരുന്നു. സംഭവം നടന്ന ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

സംഭവം കണ്ടുവന്ന മരുമകള്‍ നിലവിളിച്ചതോടെ പരിസരവാസികള്‍ ഓടിക്കൂടി. വിവരമറിഞ്ഞെത്തിയ നൂറനാട് പൊലീസ് ഭാസ്‌കരനെ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതിനെ തുടര്‍ന്ന് ശ്യാംസുന്ദറിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാസ്‌കരന്‍ പറഞ്ഞിരുന്നു. ഇതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നെന്നും പൊലീസ് പറഞ്ഞു.

Top