രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം; കമലും രജനിയും കൈക്കോര്‍ത്താല്‍ വെട്ടിലാകുന്നത് ?

rajanikanth

ചെന്നൈ: സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്നതാണ് തമിഴക രാഷ്ട്രീയം. എംജിആര്‍ മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ അത് വളരെ വ്യക്തവുമാണ്. ഇപ്പോള്‍ ഏവരും ഉറ്റു നോക്കുന്നതും തമിഴക രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ തന്നെയാണ്. കലങ്ങിമറിഞ്ഞ രാഷ്ട്രീയക്കളികളാണ് ദ്രാവിഡ മണ്ണില്‍ നടക്കുന്നത്. അതിനിടയിലാണ് നടന്‍ രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന വിവരം ഇപ്പോള്‍ പുറത്ത് വരുന്നത്. അണ്ണാ ഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനിക്കൊപ്പം എത്തിയേക്കുമെന്നും ഓഗസ്റ്റില്‍ സംസ്ഥാന ജാഥ നടത്തി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രജനിയുടെ പദ്ധതി എന്നുമാണ് ലഭിക്കുന്ന വിവരം.

വിവാദങ്ങള്‍ക്കും ഏറെ നാളത്തെ കാത്തിരിപ്പിനുമൊടുവിലാണ് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കാന്‍ താരം ഒരുങ്ങുന്നത്. ഏപ്രില്‍ 14ന് ശേഷം പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനിയുടെ രാഷ്ട്രീയ ഉപദേശകരിലൊരാളായ തമിഴരുവി മണിയന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, തമിഴ്‌നാട്ടിലെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പാട്ടാളി മക്കള്‍കക്ഷി രജനിയുടെ പാര്‍ട്ടിയുമായി സഖ്യം ചേരും. രജനി പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ആ പാര്‍ട്ടിയില്‍ ലയിക്കുമെന്ന് പുതിയ നീതി പാര്‍ട്ടി നേതാവ് എസി ഷണ്മുഖം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും സഖ്യത്തിലുണ്ടായേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളോടും തീരുമാനങ്ങളോടും ഉള്ള സമീപനങ്ങളില്‍ ഇരു താരങ്ങളും രണ്ട് ധ്രുവങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. പൗരത്വ നിയമ ഭേദഗതിയെ പൂര്‍ണമായും കമല്‍ എതിര്‍ത്തെങ്കില്‍ അതില്‍ തെറ്റില്ല എന്നതായിരുന്നു രജനിയുടെ വാദം. ഈ സാഹചര്യത്തില്‍ ഇരുവരും ഒന്നായി പ്രവര്‍ത്തിക്കുമോ എന്നത് കണ്ടറിയണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

അതേസമയം എംകെ സ്റ്റാലിന്‍ അധ്യക്ഷനായ ഡിഎംകെയെ തമിഴക മണ്ണില്‍ നിന്ന് തുടച്ചു നീക്കുക എന്നതാണ് പ്രഥമ ലക്ഷ്യം എന്നതിനാല്‍ സഖ്യത്തിലുണ്ടായാലും ഇല്ലെങ്കിലും ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടാവും എന്നാണ് രജനി മക്കള്‍ മന്‍ഡ്രം കരുതുന്നത്.

1996 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തമിഴ് സൂപ്പര്‍ താരം രജനീകാന്ത് പറഞ്ഞ ഒറ്റ ഡയലോഗാണ് തമിഴകരാഷ്ട്രീയത്തിന്റെ തലവര തന്നെ മാറ്റിയിരുന്നത്. ‘ജയലളിത ഇനിയും മുഖ്യമന്ത്രിയായാല്‍ ദൈവത്തിനു പോലും തമിഴ് നാടിനെ രക്ഷിക്കാനാകില്ല’ എന്നതായിരുന്നു ആ ഡയലോഗ്. ആ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തെ ഞെട്ടിച്ച് ഡി.എം.കെ സഖ്യം തൂത്തുവാരുകയാണുണ്ടായത്.

അതേസമയം, ഇതുവരെ ഗ്യാലറിയിലിരുന്ന് കളി കണ്ടിരുന്ന രജനീയിപ്പോള്‍ കളിക്കളത്തിലേക്ക് ഇറങ്ങുന്നു എന്നവാര്‍ത്ത ഡിഎംകെയെ സംബന്ധിച്ച് നെഞ്ചിടിപ്പിക്കുന്ന കാര്യം തന്നെയാണ്.

Top