ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള നെട്ടോട്ടത്തിലാണ് പാര്‍ട്ടികള്‍. എന്നാല്‍ ഇപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. കുട്ടനാട്ടില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. സുഭാഷ് വാസു വിഭാഗമാണ് ഈ നീക്കത്തിന് പിന്നില്‍. നാളെ വൈകീട്ട് കുട്ടനാട്ടില്‍ വച്ച് പ്രഖ്യാപനം ഉണ്ടായേക്കും എന്നും സൂചനയുണ്ട്.
എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ടിപി സെന്‍കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സെന്‍കുമാര്‍ മത്സരരംഗത്തു നിന്നും പിന്‍മാറുകയാണെങ്കില്‍ സുഭാഷ് വാസു തന്നെ മത്സരത്തിനിറങ്ങിയേക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുഭാഷ് വാസു 33,000-ത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. സെന്‍കുമാറിനെ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയിലാണ്.
എന്നാല്‍, സുഭാഷ് വാസുവിന്റെ വിമത നീക്കങ്ങള്‍ കുട്ടനാട്ടില്‍ ഏല്‍ക്കില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വിഭാഗം അവകാശപ്പെടുന്നത്. കുട്ടനാട്ടില്‍ സുഭാഷ് വാസുവും തുഷാറും ഏറ്റുമുട്ടുമ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഏറെ നിര്‍ണായകമാണ്. എന്നാല്‍ സെന്‍കുമാറിനെ ഇറക്കിയുള്ള സുഭാഷിന്റെ വിമത നീക്കം ബിഡിജെഎസിനും എന്‍ഡിഎക്കും തലവേദന ഉണ്ടാക്കുകയാണ്.