സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്ക് പിന്നാലെ സിംസ് പദ്ധതിയിലും തിരിമറി

DGP Loknath Behera

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പൊലീസ് തയാറാക്കിയ സിംസ് പദ്ധതിയിലും തിരിമറി കണ്ടെത്തി. പൊലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിക്കാണ്‌. പൊലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡി.ജി.പി ഈ കമ്പനിക്ക് അനുവദിച്ച് നല്‍കിയെന്നാണ് കണ്ടെത്തല്‍.

സ്വകാര്യ സ്ഥാപനങ്ങളില്‍ സി.സി.ടി.വികളും സെര്‍വറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്.

ഈ പദ്ധതി പൊലീസും കെല്‍ട്രോണും ചേര്‍ന്ന് നടപ്പാക്കുന്നുവെന്നാണ് ആദ്യം ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വിവരമനുസരിച്ച് ഗാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിയ്ക്കാണ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത് എന്നാണ്.

പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ സെര്‍വര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ സ്ഥാപിയ്ക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും മാസംതോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. മാത്രമല്ല അതില്‍ നിന്ന് ഒരു ചെറിയ തുക പൊലീസിന് ലഭിക്കും. ഇതോടെ ഈ കമ്പനിയുടെ ബിസിനസ് ഇടനിലക്കാരായി പൊലീസ് മാറിയിരിക്കുകയാണ്. പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കേണ്ടത് എസ്പിമാരായിരിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.

അതുമാത്രമല്ല, കമ്പനി പദ്ധതിയുടെ കണ്‍ട്രോള്‍ റൂം പൊലീസ് ആസ്ഥാനത്തിനുള്ളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ രണ്ട് ജീവനക്കാര്‍ക്ക് ഇതിനുള്ളില്‍ പ്രവര്‍ത്തിക്കാനും കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരെ നിയന്ത്രിക്കാനും അനുമതി നല്‍കിയിരിക്കുകയാണ്. സുരക്ഷാ മേഖലയായിരിക്കേണ്ട ഇടത്താണ് ഡിജിപി സര്‍വ്വ അധികാരങ്ങളും ഒരു സ്വകാര്യ കമ്പനിക്ക് നല്‍കിയിരിക്കുന്നത്.

ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്.

2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി. ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Top