കൗ ബസാര്‍,മില്‍ക് എടിഎം;ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി പദ്ധതികളുമായി മില്‍മ

തിരുവനന്തപുരം: ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി പുതിയ പദ്ധതികളുമായി മില്‍മ. ഇതിനായി പച്ചക്കറിക്കൃഷിയും കന്നുകാലികളുടെ വില്‍പനയ്ക്കായി കൗ ബസാറും തുടങ്ങാനാണ് മില്‍മയുടെ തീരുമാനം.

പച്ചക്കറിക്കൃഷിയിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ തമ്മില്‍ കറവപ്പശുക്കളുടെ കൈമാറ്റം സുഗമമാക്കുന്നതിനാണ് കൗ ബസാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനായി മൊബൈല്‍ സംവിധാനമാണ് ഉപയോഗപ്പെടുത്തുക.

മാത്രമല്ല ക്ഷീര വിപണന മേഖലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി പാല്‍ വിതരണത്തിന് മില്‍ക് എടിഎമ്മുകള്‍ തുറക്കാനും പദ്ധതിയുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലെ 5 കേന്ദ്രങ്ങളിലാണ് എടിഎം തുടങ്ങുക. പാത്രങ്ങളുമായി എത്തി പാലുമായി മടങ്ങാം.

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കവര്‍ പാല്‍ കുറയ്ക്കാനായി സഞ്ചരിക്കുന്ന വില്‍പനശാല തിരുവനന്തപുരം നഗരത്തില്‍ തുടങ്ങിയിരുന്നു എന്നാല്‍ അത് വലിയ രീതിയില്‍ വിജയിക്കാഞ്ഞതിനാല്‍ ആണ് മില്‍ക് എടിഎം തുടങ്ങാന്‍ പദ്ധതിയിട്ടത്.

ഈ സാമ്പത്തിക വര്‍ഷം പദ്ധതി തുടങ്ങുമെന്ന് മില്‍മ തിരുവനന്തപുരം സര്‍ക്കിള്‍ ചെയര്‍മാന്‍ കല്ലട രമേശ്, ഡയറക്ടര്‍മാരായ മാത്യു ചാമത്തില്‍, ലിസി മത്തായി എന്നിവര്‍ അറിയിച്ചു.

Top