ബെഹ്‌റയ്‌ക്കെതിരായ സിഎജി റിപ്പോര്‍ട്ട്; പ്രതികരിക്കാതെ ആഭ്യന്തര ചുമതലയുള്ള മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംഎല്‍എ പി.ടി.തോമസും ഈ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഈ രീതിയില്‍ മറുപടി നല്‍കിയത്.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണ് എന്ന് തെളിയിക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്ന് ചെന്നിത്തലയും തോമസും ആവര്‍ത്തിച്ചപ്പോള്‍ സാധാരണഗതിയില്‍ സിഎജി റിപ്പോര്‍ട്ട് എങ്ങനെയാണോ പരിഗണിക്കുക അതു പ്രകാരം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്.

2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി. ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Top