കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു. അയര്‍ക്കുന്നം പുന്നത്തുറ കമ്പനിക്കടവിലാണ് സംഭവം. അയര്‍ക്കുന്നം പൂവത്താനം സാജു(44), മഴുവന്‍ചേരികാലായില്‍ ജോയി(49) എന്നിവരാണ് മരിച്ചത്.

കിണര്‍ വൃത്തിയാക്കിയ ശേഷം മണ്ണു നീക്കംചെയ്ത് റിങ് ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആയിരുന്നു സംഭവം. ഒരാളുടെ മൃതദേഹം മെഡിക്കല്‍ കോളജിലേയ്ക്കും രണ്ടാമത്തെയാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

മണ്ണിന് ബലക്കുറവായതിനാല്‍, ബലം വരുത്തുന്നതിനായാണ് കിണറ്റില്‍ റിംഗ് ഇറക്കിയത്. ഇതിനിടെ കിണറ്റിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പിന്നീട് അപകടം കണ്ട സമീപവാസികള്‍ വിവരം അഗ്‌നിരക്ഷാസേനാ അധികൃതരെ അറിയിക്കുകയും നാട്ടുകാരും തൊഴിലാളികളും സേനാംഗങ്ങളും ചേര്‍ന്ന് കിണറ്റില്‍നിന്നും മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top