Kerala-niyamasabha-

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം ഇന്ന് അവസാനിക്കും.നാളെ വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ തടസപ്പെട്ടതോടെ സഭാ സമ്മേളനം ഗില്ലറ്റിന്‍ ചെയ്യാന്‍ മുഖ്യമന്ത്രി സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു.

നാളത്തെ കാര്യപരിപാടികള്‍ കൂടി ഇന്നത്തേതില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സഭ ഇത് അംഗീകരിക്കുകയായിരുന്നു.

രാവിലെ സഭ സമ്മേളിച്ചപ്പോള്‍, പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ കേസില്‍ കോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമില്ലെന്നും പ്രതിപക്ഷം വിചാരണയ്ക്ക് മുന്പ് തന്നെ തീര്‍പ്പു കല്‍പ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ബഹളം വച്ചു. തുടര്‍ന്ന് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

Top