തിരുവനന്തപുരം: മന്ത്രി അടൂര്‍ പ്രകാശിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
റേഷന്‍ മൊത്ത വ്യാപാര ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെ ഒഴിവാക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം.
മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ ഒരു തവണ സഭ നിര്‍ത്തിയെങ്കിലും വീണ്ടും തുടങ്ങിയപ്പോഴും ബഹളം ആവര്‍ത്തിച്ചു. ഇതേതുടര്‍ന്ന് സഭാ നടപടികള്‍ ഇന്നത്തേയ്ക്ക് അവസാനിപ്പിച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്തവ്യാപാരഡിപ്പോ അനുവദിക്കാന്‍ 25ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലെടുത്ത കേസില്‍നിന്ന് മന്ത്‌റി അടൂര്‍ പ്രകാശിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലപാടെടുത്തു. മന്ത്രിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ഡിവൈഎസ്.പി നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ തള്ളുകയും ചെയ്തിരുന്നു.