തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭസഭ ഇന്നും പ്രക്ഷുബ്ധം. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി. സ്പീക്കറുടെ ചേമ്പര്‍ വളഞ്ഞ പ്രതിപക്ഷ അംഗങ്ങള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി.തുടര്‍ന്ന് സഭാനടപടികള്‍ അല്‍പ നേരത്തേക്ക് നിര്‍ത്തിവെച്ചു.
യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് സഭാനടപടികള്‍ തുടങ്ങിയത്. സ്വാശ്ര സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം സഭയില്‍ ഉന്നയിച്ചു.
ഇതാദ്യമായല്ല പ്രതിപക്ഷ അംഗങ്ങള്‍ നിരാഹാരമിരിക്കുന്നത്. എന്നാല്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്രയും നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഒരു എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി മോശമാണ്. ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്ത് കക്ഷി നേതാക്കളുടെ യോഗം വിളിച്ച് ഇതിന് വഴികാണണമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലെത്തി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസ് വളഞ്ഞ് മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് സമവായ ചര്‍ച്ചയ്ക്ക് ശ്രമിക്കാമെന്ന് സ്പീക്കര്‍ സഭയ്ക്ക് ഉറപ്പു നല്‍കി. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവെച്ചു.
അതേസമയം, സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. നിലവില്‍ നിരാഹാര സമരത്തിലുള്ള എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരെ ആരോഗ്യനില മോശമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കില്‍ മറ്റു മൂന്ന് എംഎല്‍എമാര്‍ സമരം ഏറ്റെടുത്ത് നിരാഹാമിരിക്കാനുമാണ് തീരുമാനം.