kerala niyamasabha

തിരുവനന്തപുരം: വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി സി.ദിവാകരനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വിലക്കയറ്റം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ദിവാകരന്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ സപ്ലൈകോയില്‍ 16 എം.ഡിമാര്‍ വന്നു. കണ്‍സ്യൂമര്‍ഫെഡ് സി.ബി.ഐ കസ്റ്റഡിയിലാകുന്ന സ്ഥിതിയാണ്. വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ആത്മഹത്യ വര്‍ദ്ധിക്കും. സബ്‌സിഡി നല്‍കി വിലക്കയറ്റം നിയന്ത്രിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്തിരിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥലംമാറ്റത്തിന് കോഴ, റേഷന്‍ മറിച്ചു വില്‍ക്കുന്നതിന് കോഴ എന്നിങ്ങനെയാണ് ഒരു വിദ്വാന്റെ ഭരണമെന്നും മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി ഉദ്ദേശിച്ച് വി.എസ്. പറഞ്ഞു. 1930കളിലെ ഭക്ഷ്യക്ഷാമത്തിന് തുല്യമാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വിലക്കയറ്റത്തെ കാര്യക്ഷമമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. അരിയുടെ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പരിപ്പ് വര്‍ഗങ്ങളുടെ വില ഉയരാന്‍ കാരണം ദേശീയതലത്തിലുള്ള വര്‍ദ്ധനവാണ്. പരിപ്പ് വര്‍ഗങ്ങളുടെ ഉല്‍പാദനത്തിലെ കുറവുകൊണ്ടാണ് വില ഉയര്‍ന്നത്.പരിപ്പ് വിലവര്‍ധന മൂലമുളള പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് സാധിച്ചുവെന്നും അനൂപ് ജേക്കബ് പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.

Top