ന്യൂഡല്‍ഹി: ഇന്ത്യ ടുഡേയുടെ സംസ്ഥാനങ്ങളുടെ റാങ്കിങ്ങ് സര്‍വ്വേയില്‍ കേരളം ഒന്നാമത്. ക്രമസമാധാനം, ആരോഗ്യം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലെ മുന്നേറ്റമാണ് കേരളത്തെ രാജ്യത്ത് റാങ്കിങ്ങില്‍ ഒന്നാമതാക്കിയത്.
റാങ്കിങ്ങിന് മാനദണ്ഡമാക്കിയ 10 മേഖലകളില്‍ അഞ്ചിലും ആദ്യ അഞ്ച് സ്ഥാനങ്ങില്‍ ഇടം നേടാന്‍ കേരളത്തിനായി. ഹിമാചല്‍ പ്രദേശ് രണ്ടാം സ്ഥാനത്തും ജമ്മു കശ്മീര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഗുജറാത്ത് ഒമ്പതാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും പിന്നില്‍ 21 ാം സ്ഥാനത്ത് പശ്ചിമ ബംഗാളാണ്. തമിഴ്‌നാട് 10 വിഭാഗങ്ങളില്‍ എട്ടിലും പുരോഗതി നേടിയിട്ടുണ്ട്.
സുരക്ഷിതവും ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവുമായി സംസ്ഥാനമാണ് കേരളമെന്ന് സര്‍വെ പറയുന്നു. വിദ്യാഭ്യാസത്തിന്റെയും കൃഷിയുടേയും കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ് . ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. എന്നാല്‍ സമഗ്ര വികസനത്തിന്റെ കാര്യത്തില്‍ കേരളം മൂന്നു സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വനംവകുപ്പ് നടപ്പിലാക്കിയ നല്ല നാളേയ്ക്കായി മരം നടാം എന്ന പദ്ധതി വിജയം കണ്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വായുവിന്റെ നിലവാരവും കേരളത്തില്‍ മെച്ചപ്പെട്ടു.
കാര്‍ഷിക രംഗത്ത് 2004 ലില്‍ 12 ാം സ്ഥാനത്തായിരുന്നു കേരളമെങ്കില്‍ ഇന്ന് രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. അടിസ്ഥാനസൗകര്യ വികസനത്തില്‍ ഏറ്റവും മുന്നേറ്റം ഉണ്ടാക്കിയതും ആന്ധ്രയാണ്.
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി മേഘാലയിലെ മാവലോങ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാഭ്യാസ രംഗത്ത് 2004 ലില്‍ 12 ാം സ്ഥാനത്തായിരുന്ന ആന്ധ്ര ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേ സമയം മഹാരാഷ് ട്ര നാലില്‍ നിന്ന് 11 ലേക്ക് പിന്തള്ളപ്പെട്ടു.
ഡല്‍ഹി പോലും ഏഴാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് പിന്നോക്കം പോയി.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായവും സര്‍വേ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
അഴിമതിക്ക് അറുതിവരുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങളെ പുനരുദ്ധരിക്കുന്നതിനും ഊന്നല്‍ നല്‍കും. ഭാവിയില്‍ സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രമായി കേരളം വളരുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യ ടുഡേ വാരികയ്ക്ക് വേണ്ടി ഇന്റിഡക്കസ് അനലറ്റിക്‌സാണ് സര്‍വേ നടത്തിയത്.
ഏറ്റവും വലിയ അഞ്ച് സംസ്ഥാനങ്ങളായ യു.പി, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, രാജാസ്ഥാന്‍ എന്നിവ ഒരു മേഖലയിലും മുന്നിലെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.