തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ ദുരൂഹത മാറിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും വിവരങ്ങള്‍ പോകുന്നത് സ്പ്രിംഗ്‌ളറുടെ സെര്‍വറിലേക്ക് തന്നെയാണെന്നും അതിനാല്‍ കരാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സര്‍ക്കാര്‍ പുറത്തുവിട്ട രേഖ ഇമെയില്‍ സന്ദേശങ്ങള്‍ മാത്രമാണ്. സ്പ്രിംഗ്‌ളറുടെ സര്‍വീസ് സൗജന്യമല്ലെന്ന് സര്‍ക്കാര്‍ രേഖകളില്‍ നിന്ന് തന്നെ വ്യക്തമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കോവിഡ് കഴിഞ്ഞാല്‍ സ്പ്രിംഗ്‌ളറിന് പണം കൊടുക്കണം. സേവനം സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സ്പ്രിംഗ്‌ളറുമായുള്ള കരാറിനെപ്പറ്റി മന്ത്രിമാര്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ അറിയില്ല. കരാറില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ കേസ് കൊടുക്കാന്‍ പോകേണ്ടത് ന്യൂയോര്‍ക്കിലാണ്.ഇന്ത്യയില്‍ ഈ കരാര്‍ ബാധകമല്ല.റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരവും സര്‍ക്കാര്‍ ഈ കമ്പനിക്ക് നല്‍കി. കേരളീയരുടെ മൗലികാവകാശം സംരക്ഷിക്കാന്‍ ന്യൂയോര്‍ക്കില്‍ പോകേണ്ട സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്പ്രിംഗ്‌ളര്‍ വിഷയം താന്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടത് പത്താം തീയതിയാണ്. അതിനുശേഷം സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ട ഉറപ്പ് കമ്പനി പതിനൊന്ന്,പന്ത്രണ്ട് തീയതികളില്‍ നല്‍കിയിരിക്കുന്നത്.ഇങ്ങനെയൊരു കരാറുമായി ബന്ധപ്പെട്ടുള്ള യാതൊരു നടപടിക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. തട്ടികൂട്ട് കരാറാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സംസ്ഥാനത്തെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഐ.ടി സെക്രട്ടറി സ്പ്രിംഗ്‌ളര്‍ കമ്പനിയുടെ വക്താവായി പ്രവര്‍ത്തിക്കുകയാണെന്നും സ്പ്രിംഗ്‌ളര്‍ അഴിമതി കേരളം കണ്ട ഏറ്റവും വലിയ ഡാറ്റ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പ്രിംഗ്‌ളര്‍ കമ്പനിയുടെ പേരില്‍ കേസുണ്ട്. കോവിഡിനെ മറയാക്കി സംസ്ഥാനത്ത് അഴിമതി നടക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വ്യക്തിവിവരങ്ങള്‍ അന്താരാഷ്ട്ര കമ്പനിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഇതിന് സംസ്ഥാന മന്ത്രിസഭയുടെയും കേന്ദ്ര കാബിനറ്റിന്റെയും അംഗീകാരം വേണം. കരാര്‍ ഒപ്പിടുമ്പോള്‍ നിയമ വകുപ്പും ആരോഗ്യ വകുപ്പും അറിയണം. അത്തരം അറിയിപ്പ് സംബന്ധിച്ച ഒരു ഫയലും വകുപ്പില്‍ ഇല്ല.’ ഇത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.