പത്തനംതിട്ട:ഗോപാല കഷായം എന്ന പേരിലായിരിക്കും ഇനി മുതല്‍ അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെടുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മുന്‍കാലങ്ങളില്‍ ആചാരപരമായി അറിയപ്പെട്ടിരുന്ന ഗോപാലകഷായം പിന്നീടാണ് അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ അറിയപ്പെട്ടത്. അതിനാലാണ് ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തി അമ്പലപ്പുഴ പാല്‍പ്പായസം ഇനി നല്‍കുകയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.
ഗോപാലകഷായം എന്ന പേര് മറ്റാരും ഉപയോഗിക്കരുതെന്ന വ്യവസ്ഥ കൂടി ഉറപ്പുവരുത്തുമെന്നും എ പദ്മകുമാര്‍ വ്യക്തമാക്കി. അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ കടകളിലൂടെ വില്‍പ്പന നടത്തുന്നതായി കഴിഞ്ഞയിടയ്ക്ക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്. കൂടാതെ അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷ:പായസം, ശബരിമല അപ്പം, അരവണ, കൊട്ടാരക്കര ഉണ്ണിയപ്പം എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.