ഇടുക്കി ഡാമിലെ വെള്ളം ആലുവ, കാലടി മേഖലയിലെത്തി, പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, ജാഗ്രത

എറണാകുളം: ഇടുക്കിയില്‍ നിന്ന് തുറന്നുവിട്ട വെള്ളം ആലുവ, കാലടി മേഖലയിലെത്തി. ഇടമലയാര്‍ വെള്ളം എത്തിയതോടെ പെരിയാറില്‍ കാലടി ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നു.

എറണാകുളം ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനവും ഞായറാഴ്ചവരെ നിരോധിച്ചു.

നേരത്തെ, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് 35 സെ.മി. വീതം ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.

വെള്ളമൊഴുക്കുന്ന പ്രദേശങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ 2398.04 അടിയാണ് ജലനിരപ്പ്. ജലം ഒഴുകിവരുന്ന സ്ഥലങ്ങളില്‍ മീന്‍ പിടിത്തം, സെല്‍ഫി, വീഡിയോ ചിത്രീകരണം, ഫേസ്ബുക്ക് ലൈവ് എന്നിവയും നിരോധിച്ചു. 2018ന് ശേഷം ഇതാദ്യമാണ് ഡാം തുറക്കുന്നത്. അഞ്ചുതവണ മാത്രമെ ഇതിനുമുന്‍പ് ഇടുക്കി ഡാം തുറന്നിട്ടുള്ളൂ.

Top