പ്രളയാനന്തര പുനരധിവാസത്തിന് മാതൃക വിദേശ രാജ്യങ്ങള്‍; കേരളം ഉള്‍ക്കൊള്ളുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് യൂറോപ്യന്‍ പര്യടനം ഏറെ ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

സന്ദര്‍ശനം ഫലപ്രദമായിരുന്നെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃക വിദേശ രാജ്യങ്ങളിലുണ്ടെന്നും, പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്റ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെതര്‍ലാന്റില്‍ നിന്നുള്ള അത്തരം മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളും. പ്രളയ പുനര്‍നിര്‍മ്മാണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കും. കൃഷി, വനപരിപാലനം മുതല്‍ പരിസ്ഥിതി മുന്‍ നിര്‍ത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് വരെയുള്ള വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്ന്‌, മുഖ്യമന്ത്രി വ്യക്തമാക്കി.

നെതര്‍ലാന്റില്‍ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടെയും യോഗത്തില്‍ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചു. ജല, കാര്‍ഷിക, സമുദ്രതല സംരംഭങ്ങളില്‍ ഡച്ച് കമ്പനികളുടെ സഹായത്തോടെ വന്‍ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്, മുഖ്യമന്ത്രി അറിയിച്ചു.

Top