ന്യൂഡല്‍ഹി : ആദ്യമായി രണ്ട് മാവോയിസ്റ്റുകള്‍ കേരളത്തില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റുകളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഇനി ദൈവത്തിന്റെ സ്വന്തം നാടും ?
കേരളത്തില്‍ മനുഷ്യന്റെ ജീവന് അപകടമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും മാവോയിസ്റ്റുകള്‍ ചെയ്തിട്ടില്ലെങ്കിലും അവരുടെ ഉത്തരേന്ത്യയിലെ ചരിത്രം അതല്ല.
മാവോയിസ്റ്റുകളെ ആക്രമിച്ചതിന് തിരിച്ചടിയായി 2010ല്‍ ഛത്തീസ്ഗഡിലെ ദന്താവഡെ ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ച് 76 സിആര്‍പിഎഫ് ജവാന്മാരെയാണ് അവര്‍ കൊന്നുകളഞ്ഞത്. ഇവിടെ തന്നെ 2009ല്‍ 29 പൊലീസുകാരും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കനത്ത പൊലീസ് സുരക്ഷയില്‍ സഞ്ചരിച്ച ഛത്തീസ്ഗഡ് കോണ്‍ഗ്രസ്സ് അധ്യക്ഷനും മുന്‍മന്ത്രിയുമടക്കം 25 ഉന്നത കോണ്‍ഗ്രസ്സ് നേതാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയത് 2013ലാണ്.
മഹാരാഷ്ട്രയില്‍ 2014ല്‍ 7 പൊലീസ് കമാന്‍ഡോകളെയും മാവോയിസ്റ്റുകള്‍ വധിച്ചിട്ടുണ്ട്.
ഒറീസയില്‍ 2006ല്‍ ജയില്‍ ആക്രമിച്ച് 40 തടവുകാരെ മോചിപ്പിച്ച മാവോയിസ്റ്റുകള്‍ 2010ല്‍ കോരാപുട്ട് ജില്ലയില്‍ 11 പൊലീസുകാരെ വധിക്കുകയുണ്ടായി.
ഒരു ജില്ലാ കളക്ടറെ 2013ല്‍ തട്ടിക്കൊണ്ട് പോയെങ്കിലും പിന്നീട് അനുനയ ചര്‍ച്ചയെ തുടര്‍ന്ന് വിട്ടയച്ചു.
ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്,ഒഡീഷ,ബിഹാര്‍,മധ്യപ്രദേശ്,തെലങ്കാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര,ബംഗാള്‍, യുപി സംസ്ഥാനങ്ങളിലാണ് മാവോയിസ്റ്റ് ഭീഷണി ശക്തമായിട്ടുള്ളത്. രാജ്യത്തെ 687 ജില്ലകളില്‍ മൂന്നിലൊന്നും മാവോയിസ്റ്റ് സാന്നിധ്യമുള്ളവയാണ്.
കേരളത്തില്‍ മാവോയിസ്റ്റുകള്‍ പാലക്കാട്, വയനാട്, മലപ്പുറം,തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് 57 കൊടും മാവോയിസ്റ്റുകളെയാണ് പൊലീസ് തിരയുന്നത്. ഇതില്‍ 23 പേരും സ്ത്രീകളാണ്. നിലമ്പൂരിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടുവെന്ന് മലപ്പുറം എസ്പി പറഞ്ഞ വിക്രംഗൗഡ എന്ന ശ്രീകാന്ത്, സുന്ദരി എന്ന ഗീത, ലത എന്ന മണ്ടാഗുരുലത, മഹേഷ് എന്ന ജയണ്ണ, മല്ലിക എന്ന കവിത, സുവര്‍ണ,രവീന്ദ്രന്‍, എഎസ് സുരേഷ്,ജഗനാഥ് എന്ന ഉമേഷ് എന്നിവരാണ് കേരളത്തില്‍ സജീവമായിട്ടുള്ളതത്രെ.
2013 ഫെബ്രുവരി 15ന് ആണ് ആയുധധാരികളായ ഏഴംഗം മാവോയിസ്റ്റ് സംഘത്തെ പട്ടാള യൂണിഫോമില്‍ വയനാട്ടിലെ ആദിവാസികള്‍ ആദ്യം കണ്ടത്.
168 മാവോയിസ്റ്റുകള്‍ വയനാട്, മലപ്പുറം മേഖലകളിലെ വനപ്രദേശത്ത് ഉണ്ടെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണക്ക്. 24 ആളുകളുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ കയ്യില്‍ എകെ47 തോക്കുകളും സ്‌ഫോടക വസ്തുക്കളും ഉള്ളതായാണ് ഇന്റലിജന്‍സിന്റെ നിഗമനം.
എന്നാല്‍ നിലമ്പൂരിലെ കാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും ഒരു പിസ്റ്റള്‍ മാത്രമാണ് ദൗത്യ സംഘത്തിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
കേരളത്തില്‍ ഏതെങ്കിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കുക എന്നതിനല്ല മറിച്ച് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുരക്ഷിത ഇടം എന്നതിനാലാണ് മാവോയിസ്റ്റുകള്‍ കേരളത്തിലെ കാടുകള്‍ താവളമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ കേന്ദ്ര ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവ് വിജയകുമാറിന്റെ ഇടപെടലോടെ ഈ സുരക്ഷിത താവളത്തിലും വെടിയുണ്ടകള്‍ പതിച്ചിരിക്കുകയാണ്.
‘നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട രാജ്യത്തിന് അഭിമാനകാരമാണെന്നാണ്’ മുന്‍ സിആര്‍പിഎഫ് ഡയറക്ടര്‍ കൂടിയായി വിജയകുമാര്‍ പ്രതികരിച്ചിരിക്കുന്നത്.
കേന്ദ്ര ഉപദേഷ്ടാവിന്റെ പ്രശംസയിലെ ‘അപകടം’ മണത്ത കേരള സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുമായി മുന്നോട്ട് പോവാന്‍ പൊലീസിനെ ഇനി അനുവദിക്കില്ലെന്ന നിലപാടിലാണ്.മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കേന്ദ്ര ഇടപെടല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.
നിലമ്പൂര്‍ വെടിവെപ്പില്‍ സര്‍ക്കാരിന് പങ്കില്ലെന്ന മന്ത്രി സുധാകരന്റെ വെളിപ്പെടുത്തല്‍ പൊലീസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കില്ല വെടിവെപ്പ് നടത്തിയതെന്ന് പറഞ്ഞ സുധാകരന്‍ അന്വേഷണത്തില്‍ വസ്തുത പുറത്ത് വരുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ ഉപദേശകന്റെ ഉപദേശം കേട്ട് സാഹസത്തിന് മുതിര്‍ന്നാല്‍ തൊപ്പി തെറിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പാണിത്.
മാവോയിസ്റ്റുകളെ പ്രകോപിപ്പിച്ച് കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം നടത്താനുള്ള നീക്കം നടന്നാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി ഒടുവില്‍ കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ വരെ മോദി സര്‍ക്കാര്‍ തയ്യാറായേക്കുമോയെന്ന ആശങ്കയും മുതിര്‍ന്ന സിപിഎം-സിപിഐ നേതാക്കള്‍ക്കിടയിലുമുണ്ട്. അതുകൊണ്ട് തന്നെ സൂഷ്മതയോടെ കാര്യങ്ങള്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം.
മാവോയിസ്റ്റ് കേന്ദ്രകമ്മറ്റിയംഗം ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത് എന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ആഭ്യന്തരവകുപ്പിനുണ്ട്.
മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെയും കളക്ടര്‍മാര്‍,പൊലീസ്,ഉന്നത ഉദ്യോഗസ്ഥര്‍,വനമേഖലയിലെ പൊലീസ്, ഫോറസ്റ്റ് ഓഫീസുകള്‍ എന്നിവക്ക് കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും പരിഗണനയിലാണ്.
വെടിവെപ്പിന് തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ മുന്നറിയിപ്പിനെയും ഗൗരവമായാണ് പൊലീസ് കാണുന്നത്.