തിരുവനന്തപുരം : ലോകത്തിന്റെ ഉറക്കം കെടുത്തി ഭീതി വിതച്ച് വൈറലാകുന്ന കൊലയാളി ഗെയിം മോമോ ഗെയിമിനെ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്.
മോമോ ഗെയിംസിനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കേരള പൊലീസ് അറിയിച്ചു.
വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ്പ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർഡോമിനെയോ അറിയിക്കുക.
എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വിഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
കഴിഞ്ഞ ആഴ്ചകളിലാണ് മോമോ ചാലഞ്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വാട്‌സാപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമില്‍ തന്നെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്നു
ഗെയിമില്‍ താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം തുടങ്ങുന്നത്. മെസ്സേജുകളും മറ്റും പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും. പലരിലും ആത്മഹത്യാ പ്രവണത തന്നെ ഇതുണ്ടാക്കും. പേഴ്‌സണലൈസ്ഡ് ഗെയിമായതിനാല്‍ തന്നെ സ്വാധീന ശക്തിയും കൂടുതലാണ്. മെക്‌സിക്കന്‍ കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നു.
സ്‌പെയിന്‍ അര്‍ജന്റീന മെക്‌സിക്ക തുടങ്ങിയ രാജ്യങ്ങള്‍ മോമോയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.