കാക്കിയുടെ ‘വീര്യം’ ചോർത്തുന്നത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കും . . .

കുറ്റാന്വേഷണത്തിലായാലും ക്രമസമാധാന പാലനത്തിലായാലും രാജ്യത്തെ തന്നെ മികച്ച സേനയാണ് കേരള പൊലീസ്. ആ കാക്കിയാണിപ്പോള്‍ ഏറെ പ്രതിരോധത്തിലായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ആവശ്യമായ ‘ചികിത്സ’ നല്‍കിയില്ലങ്കില്‍ അതു വലിയ പ്രത്യാഘാതത്തിലാണ് കലാശിക്കുക. പൊലീസിനെ പൊലീസായി തന്നെയാണ് ഉപയോഗപ്പെടുത്തേണ്ടത്. അവരുടെ ചിറകരിഞ്ഞിട്ട് പ്രവര്‍ത്തിക്കാന്‍ പറഞ്ഞാല്‍ ഒരു ‘റിസള്‍ട്ടും’ കിട്ടാന്‍ പോകുന്നില്ല.

ക്രിമിനലുകള്‍ക്ക് പോലും പൊലീസിനെ ഭയമില്ലാത്ത ഒരവസ്ഥയാണ് നിലവിലുള്ളത്. കൊലക്കേസിലെ പ്രതികളുടെ മേല്‍ പോലും ഒന്നു കൈവയ്ക്കാന്‍ പൊലീസിന് അധികാരമില്ല. ഇക്കാര്യത്തില്‍ ലോകനാഥ് ബഹ്‌റ ഡി.ജി.പി ആയപ്പോള്‍ നല്‍കിയ കര്‍ശന ഉത്തരവ് തന്നെയാണ് ഇപ്പോഴുമുള്ളത്. ഈ അവസ്ഥയില്‍ റോഡില്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ അവരെ അടിച്ചൊതുക്കാന്‍ ഇറങ്ങിയാല്‍ തൊപ്പി തെറിക്കുമോ എന്ന ഭയം പൊലീസ് സേനയിലും വ്യാപകമാണ്. പൊലീസുകാര്‍ക്കും ഉണ്ടല്ലോ കുടുംബങ്ങള്‍. അവര്‍ സ്വയംരക്ഷ നോക്കുന്നത് സ്വാഭാവികം തന്നെയാണ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ സംരക്ഷണം എത്രമാത്രം സേനയിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് സര്‍ക്കാറും ഒന്നു പരിശോധിക്കുന്നത് നല്ലതായിരിക്കും.

ജനമൈത്രി പൊലീസ് നല്ലതാണ്. എന്നാല്‍ അതൊരിക്കലും ‘ക്രിമിനല്‍ മൈത്രി’ പൊലീസായി മാറരുത്. ക്രിമിനലുകളെ അടിച്ചമര്‍ത്തുക തന്നെ വേണം. അതിന് പൊലീസിന് അധികാരം നല്‍കുകയാണ് വേണ്ടത്. ഒറ്റപ്പെട്ട ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ മുന്‍നിര്‍ത്തി പൊലീസിന്റെ ‘കൈ’ കെട്ടിയിട്ടാല്‍ അത് നാട്ടിലെ സമാധാന അന്തരീക്ഷത്തെയാണ് തകര്‍ക്കുക. അതും ഓര്‍ത്തു കൊള്ളണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു മാത്രമല്ല മാധ്യമങ്ങള്‍ക്കും വലിയ പങ്കാണ് ഉള്ളത്. ‘ഒരുത്തന്‍’ എന്ത് ക്രിമിനല്‍ പ്രവര്‍ത്തി ചെയ്താലും അത് മറച്ചു വച്ച് അവനെ പൊലീസ് മര്‍ദ്ദിച്ചത് മാത്രം ഉയര്‍ത്തി കാട്ടുന്ന പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ നടത്തി വരുന്നത്. പൊലീസിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ തീര്‍ച്ചയായും ചോദ്യം ചെയ്യുക തന്നെ വേണം.

എന്നാല്‍ ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നത് ശരിയായ നിലപാടല്ല. അത്തരം ഇടപെടലുകള്‍ പൊലീസിന്റെ മനോവീര്യമാണ് കെടുത്തുക. ഇത്തരത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലം കൂടിയാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഷ്‌ക്രിയത്വം. ക്രിമിനലുകളാട് വളരെ മാന്യമായാണ് പൊലീസ് ഇപ്പോള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. നല്ല ഭക്ഷണം, ഉപദേശം ഒക്കെ കൃത്യമായി തന്നെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഒരിക്കല്‍ പൊലീസ് പിടിയിലായ ക്രിമിനലിന് വീണ്ടും പൊലീസ് പിടിയിലാവാന്‍ മോഹം തോന്നുമെന്ന് പറഞ്ഞാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. അത്രയ്ക്കും മാന്യമായാണ് പൊലീസിന്റെ പെരുമാറ്റം.

കുറ്റകൃത്യം കാട്ടിയാല്‍ അടി കിട്ടുമെന്ന ഭയമൊന്നും ഗുണ്ടകള്‍ക്ക് പോലും ഇപ്പോഴില്ല. ഇതു തന്നെയാണ് ആക്രമണങ്ങള്‍ വ്യാപിക്കാനും കാരണമായിരിക്കുന്നത്. തലസ്ഥാനത്ത് പട്ടാപകല്‍ യുവാവിനെ വെട്ടിക്കൊന്ന് കാല്‍ വെട്ടിയെടുത്ത് റോഡില്‍ വലിച്ചെറിഞ്ഞ സംഭവം ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. തിരുവനന്തപുരം ജില്ലയില്‍ ഇതിനു ശേഷവും ഗുണ്ടകള്‍ അഴിഞ്ഞാടുകയുണ്ടായി. ഈ ഗുണ്ടകളെ പിടികൂടാന്‍ ഒടുവില്‍ ഡി.ഐ.ജിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നതും കേരളം കണ്ടതാണ്. പൊലീസിനെ ഗുണ്ടകള്‍ക്ക് ഭയമുണ്ടായിരുന്നു എങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ഒരിക്കലും തുടര്‍ക്കഥ ആവില്ലായിരുന്നു. ലഹരി മാഫിയയുടെയും ഗുണ്ടകളുടെയും തീവ്രവാദികളുടെയും വിളനിലമായാണ് കേരളം നിലവില്‍ മാറിക്കൊണ്ടിരിക്കുന്നത്. അപകടകരമായ സാഹചര്യമാണിത്.

ആലപ്പുഴയിലെ ഇരട്ട കൊലപാതകം നാടിനെ നടുക്കിയ സംഭവമാണ്. ഇതില്‍ രണ്ടാമത്തെ കൊലപാതകമെങ്കിലും തടയാന്‍ പൊലീസ് വിചാരിച്ചിരുന്നു എങ്കില്‍ കഴിയുമായിരുന്നു. എന്നാല്‍ അതും ഉണ്ടായിട്ടില്ല. രാഷ്ട്രീയ കൊലപാതകം എന്നതിലുപരി മറ്റു തലത്തിലേക്കാണ് എസ്.ഡി.പി.ഐ – ആര്‍.എസ്.എസ് സംഘര്‍ഷങ്ങള്‍ മാറുക. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കുന്നതിലാണ് പൊലീസിന് വീഴ്ച സംഭവിച്ചിരിക്കുന്നത്. പൊലീസിനെ പേടി ഉണ്ടായിരുന്നെങ്കില്‍ പൊലീസ് വലയം ഭേദിച്ച് രണ്ടാമതൊരു കൊല ഒരിക്കലും അക്രമികള്‍ നടത്തില്ലായിരുന്നു.

എറണാകുളം കിഴക്കമ്പലത്ത് പൊലീസ് ജീപ്പുകള്‍ ഉള്‍പ്പെടെ കത്തിക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനും അന്യസംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകള്‍ക്ക് ധൈര്യം ലഭിച്ചതും പൊലീസിങ്ങിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാല്‍ തൊഴില്‍ ഉടമയുടെ അനുമതി വാങ്ങിയല്ല പൊലീസ് റെയ്ഡ് നടത്തേണ്ടത്. ഈ പ്രദേശത്തെ നാട്ടുകാരുടെ പരാതികളില്‍ കര്‍ശന നടപടി മുന്‍പേ സ്വീകരിച്ചിരുന്നു എങ്കില്‍ പൊലീസ് ജീപ്പുകള്‍ ഇങ്ങനെ നിന്നു കത്തില്ലായിരുന്നു. ഇവര്‍ക്കെല്ലാം ഉള്ള ധൈര്യം പൊലീസ് ഒന്നും ചെയ്യില്ല എന്നതു തന്നെയാണ്. ‘അനുഭവങ്ങള്‍’ ക്രിമിനല്‍ മനസ്സുള്ളവര്‍ക്ക് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണത്.

പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. എസ്‌ഐയുടെ കാലൊടിയുകയും രണ്ടു പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. കാട്ടാക്കടയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്നിറങ്ങിയ കഞ്ചാവ് കേസിലെ പ്രതിയുടെ നേതൃത്വത്തിലാണ് വീണ്ടും പൊലീസിനു നേരെ ആക്രമണം നടത്തിയിരിക്കുന്നത്. ബൈക്ക് തകര്‍ത്ത കഞ്ചാവ് സംഘത്തിലെ പ്രതികളെ തേടിയിറങ്ങിയ മാറനല്ലൂര്‍ പൊലീസിനെയാണ് ആയുധങ്ങളുമായി കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചിരിക്കുന്നത്. കണ്ണൂരിലാകട്ടെ ഒരു ഗുണ്ട പരസ്യമായാണ് പൊലീസിനു നേരെ കൊലവിളി ഉയര്‍ത്തിയിരിക്കുന്നത്. നാദാപുരം എസ്ഐക്കെതിരെയും വധഭീഷണിയുണ്ടായി.

മര്‍ദ്ദനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെ വെല്ലുവിളിച്ച് വീഡിയോ തയ്യാറാക്കിയ സംഭവവും ഈ കേരളത്തില്‍ തന്നെയാണ് നടന്നിരിക്കുന്നത്. എറണാകുളം തൃക്കാക്കരയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. പെരുമ്പാവൂരില്‍ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടു പേരാണ് അറസ്റ്റിലായിട്ടുള്ളത്. പെരുമ്പാവൂര്‍ ഭജനമഠം റോഡിലായിരുന്നു സംഭവം. സംഘം ചേര്‍ന്ന് മാര്‍ഗതടസമുണ്ടാക്കി പരസ്പരം സംഘര്‍ഷം സൃഷ്ടിച്ച സംഘത്തോട് പിരിഞ്ഞ് പോകാന്‍ പറഞ്ഞ പൊലീസിന് നേരെയായിരുന്നു ആക്രമണം നടന്നിരുന്നത്. ആക്രമണത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.

ഇതു പോലെ ചൂണ്ടിക്കാണിക്കാന്‍ ഇനിയും നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ട്. പൊലീസിനു നേരെയുള്ള ആക്രമണങ്ങള്‍ സമൂഹത്തിനു നേരെയുള്ള ആക്രമണങ്ങളാണ്. അതിനെ ജനമൈത്രി പൊലീസ് ‘കളിച്ചല്ല’ നേരിടേണ്ടത്. അടിച്ചമര്‍ത്തുക തന്നെ വേണം. പൊലീസിന് സ്വാതന്ത്ര്യം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതല്ലെങ്കില്‍ നാട്ടുകാര്‍ മാത്രമല്ല പൊലീസും ഇങ്ങനെ അടി മേടിച്ചു കൂട്ടുന്ന സാഹചര്യമാണ് ഉണ്ടാകുക. പൊലീസിന് ആത്മവിശ്വാസം നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. അതിന് ആദ്യം വേണ്ടത് ശക്തമായ നേതൃത്വമാണ്. പൊലീസ് തലപ്പത്തു മുതല്‍ എസ്.എച്ച്.ഒ വരെയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ കഴിവുകളാണ് മാനദണ്ഡമാക്കേണ്ടത്.

പൊലീസിനെ പൊലീസിന്റെ പണി ചെയ്യാനാണ് വിടേണ്ടത് അതല്ലാതെ കോവിഡ് കാലമാണെന്ന് പറഞ്ഞ് മറ്റു കാര്യങ്ങള്‍ക്കല്ല നിയോഗിക്കേണ്ടത്. അതിനൊക്കെ മറ്റു ഡിപ്പാര്‍ട്ട് മെന്റുകളെയും സന്നദ്ധ പ്രവര്‍ത്തകരെയുമാണ് ചുമതലപ്പെടുത്തേണ്ടത്. പൊലീസിന്റെ സാന്നിധ്യം പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതോടൊപ്പം ക്രിമിനലുകള്‍ക്ക് പേടി സ്വപ്നവും ആയി മാറണം. ഉപദേശം കൊണ്ടൊന്നും ഇനി ഒരു കാര്യവുമില്ല. അടി കൊടുക്കേണ്ടടത്ത് അടി കൊടുക്കുക തന്നെ വേണം.

മിന്നല്‍ വേഗത്തില്‍ സ്ഥലത്ത് എത്താനും ആക്രമികളെ തുരത്തുവാനും വേണ്ടി വന്നാല്‍ ആയുധം ഉപയോഗിക്കാനുള്ള അധികാരവും പൊലീസിനു നല്‍കണം. വടിവാളുമായി നില്‍ക്കുന്നവന്റെ മുന്നില്‍ ലാത്തിയുമായി ചെന്നിട്ട് ഒരു കാര്യവുമില്ല. ഈ ‘നയം’ കൊണ്ടാണ് പൊലീസുകാരും ഇപ്പോള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ മുട്ടിനു താഴെ വെടിവച്ചിടാനാണ് പൊലീസിനു തോക്കുകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ തോക്ക് പോയിട്ട് ലാത്തിപോലും ശരിക്കും പ്രയോഗിക്കാന്‍ പറ്റാത്ത മാനസിക അവസ്ഥയിലാണിപ്പോള്‍ പൊലീസുകാര്‍ ഉള്ളത്. അനുഭവം അവരെ അങ്ങനെയാക്കി മാറ്റി എന്നതാണ് ശരി. ചാനല്‍ വിചാരണയും സസ്‌പെന്‍ഷനും മാത്രമല്ല ജയില്‍വാസത്തെ പോലും കാക്കിപ്പട നിലവില്‍ മുന്നില്‍ കാണുന്നുണ്ട്. അക്രമികളുടെ അക്രമങ്ങളേക്കാള്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഗൗരവമായി കാണുന്നതും എതിര്‍ക്കുന്നതും പൊലീസിന്റെ നടപടികളെ മാത്രമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍ നിര്‍ത്തി പൊലീസിനെ പ്രതികൂട്ടിലാക്കുകയും മനോവീര്യം കെടുത്തുകയുമാണ് ഇവരുടെ നയം. ഈ നിലപാട് തന്നെയാണ് ക്രിമിനലുകള്‍ക്കും ഇപ്പോള്‍ വളമായിരിക്കുന്നത്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

EXPRESS KERALA VIEW

Top