മുനമ്പം മനുഷ്യക്കടത്ത്:പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടുന്നു. തീരം വിട്ടവര്‍ ഓസ്‌ട്രേലിയയിലേക്ക് തന്നെയാണോ പോയത് എന്ന് വ്യക്തത വരുത്താനാണിത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടുന്നത്.

ബോട്ടില്‍ പോയ സംഘം അവിടെ എത്തിയോ, ക്രിസ്തുമസ് ഐലന്റില്‍ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണിത്. അവര്‍ അവിടെ എത്തി എന്നുറപ്പിച്ചാല്‍ മാത്രമെ പൊലീസിന് കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവ് ലഭിക്കുകയുള്ളു. ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്‌ട്രേലിയ ന്യൂസിലാന്റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായും ആശയ വിനിമയം നടത്തി.

അതേസമയം ഡല്‍ഹിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രഭുവിനെയും മറ്റ് പലരേയും ചോദ്യം ചെയ്‌തെങ്കിലും എവിടെക്കാണ് ഇവര്‍ പോയത് എന്ന കാര്യങ്ങളില്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. നൂറിലധികം പേര്‍ തീരം വിട്ടു എന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ഇത്രയധികം പേര്‍ക്ക് ദയമാതാ ബോട്ടില്‍ കയറാന്‍ പറ്റില്ലെന്നാണ് ബോട്ടിന്റെ മുന്‍ ഉടമ ജിബിന്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ ബോട്ടില്‍ കയറാനെത്തിയ 200 ഓളം പേരില്‍ 100 പേര്‍ മാത്രമെ തീരം വിട്ടിട്ടുള്ളുവെന്നാണ് ഇപ്പോഴത്തെ നിഗമനം. ബാക്കി ഉള്ളവര്‍ എവിടെ പോയി എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഈ ക്യാമ്പുകളിലെ പലരും ഒരു മാസമായി അവിടെ ഇല്ല എന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ എവിടെ പോയി എന്ന് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ബോട്ടില്‍ തിരക്കായിരുന്നതിനാലാണ് അന്ന് പലര്‍ക്കും പോകാന്‍ കഴിയാതിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ഇതിനിടെ മുഖ്യ ഇടനിലക്കാരന്‍ ശ്രീകാന്തന്‍ രാജ്യം വിട്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ കുടുംബത്തെക്കുറിച്ചും വിവരമില്ല.

Top