കേരളാ പൊലീസ് സൂപ്പറാണ്,അവാര്‍ഡുകള്‍ ഒരു പിടി വാരിക്കൂട്ടി !

behra

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ വിനാശകരമായ പ്രളയദുരന്തത്തില്‍ കേരളാ പോലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കോച്ചിന്റെ സുവര്‍ണ്ണ പുരസ്‌കാരം ലഭിച്ചു. കൂടാതെ കേരളാപൊലീസിന്റെ പദ്ധതികളായ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഹോപ്പ് പദ്ധതി, പിങ്ക് പോലീസ് പട്രോള്‍ എന്നിവയ്ക്ക് സ്‌കോച്ച് മെരിറ്റ് അവാര്‍ഡും ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി എ.ഡി.ജി.പി ശ്രീ. അനില്‍ കാന്ത് ഐ.പി.എസ് അവാര്‍ഡ് ഏറ്റുവാങ്ങി.

2003 ല്‍ സ്ഥാപിതമായ സ്‌കോച്ച് പുരസ്‌കാരം, ഒരു സ്വതന്ത്ര സംഘടന നല്‍കുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ്. ഇന്ത്യയെ മികച്ച രാജ്യങ്ങളില്‍ ഒന്നാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ഈ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. സാമൂഹിക, സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം, ചെയ്ഞ്ച് മേനേജ്‌മെന്റ്, കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പ്, കോര്‍പ്പറേറ്റ് ഗവേണ്‍സ്, പൗരസേവന മികവ്, നിര്‍മാണ കഴിവ്, ശാക്തീകരണ വികസനം, വ്യവസായിക മികവ് എന്നീ മേഖലകളില്‍ സ്‌കോച്ച് അവാര്‍ഡ് നല്‍കപ്പെടുന്നു.

രണ്ട് ദശാബ്ദം പ്രസ്തുത മേഖലകളില്‍ പ്രവര്‍ത്തിച്ച് പ്രശസ്തി നേടിയവരെയാണ് സ്‌കോച്ച് അവാര്‍ഡിന് പരിഗണിക്കുന്നത്. നാമനിര്‍ദ്ദേശം, ജൂറിയുടെ വിലയിരുത്തല്‍, ഷോര്‍ട്ട് ലിസ്റ്റ് ചെയ്യല്‍, ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍, പരസ്പര വിലയിരുത്തല്‍ എന്നിവയ്ക്ക് ശേഷമാണ് സ്‌കോച്ച് പുരസ്‌കാരത്തിനായി അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കൂടാതെ മികച്ച വ്യാവസായിക മാര്‍ഗനിര്‍ദ്ദേശങ്ങളും മികച്ച വ്യാവസായിക പ്രവര്‍ത്തനങ്ങളും രാജ്യത്തിന് സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും സ്‌കോച്ച് അവാര്‍ഡ് നല്‍കുന്നു. ഈ അഭിമാനകരമായ നേട്ടം 2018 ല്‍ ആദ്യമായാണ് കേരള പോലീസിനു ലഭിച്ചത്.

ജലരക്ഷ

2018 ല്‍ കേരളത്തില്‍ ആകസ്മികമായി സംഭവിച്ച പ്രളയത്തിലും മണ്ണിടിച്ചിലിലും ഇരയായവര്‍ക്കും ദുരിതബാധിതര്‍ക്കും വേണ്ടി കേരള പോലീസ് നടത്തിയ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ജലരക്ഷ 2018. ആഗസ്റ്റ് 15നും 20നും ഇടയിലാണ് പ്രധാനമായും രക്ഷാപ്രവര്‍ത്തനം നടന്നത്. ആദ്യ ഘട്ടത്തില്‍ ആയിരത്തിനു താഴെ പോലീസുകാരെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചത്. ആഗസ്റ്റ് എട്ടിനും 13 നും ഇടയില്‍ ഇത് 3000 ആയി ഉയര്‍ന്നു. തുടര്‍ന്ന് ഓഗസ്റ്റ് 14 ഓടെ 4051 പോലീസുകാര്‍ കര്‍മ്മനിരതരായി. ആഗസ്റ്റ് 16 ഓടെ 10,267 ഉം തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്കുള്ളില്‍ 11,534 പോലീസുകാരുമായി ഇത് വര്‍ദ്ധിച്ചു. 57,671 പോലീസ് മനുഷ്യദിനങ്ങളിലൂടെ കേരള പോലീസ് 6,71,489 പേരെയാണ് രക്ഷപ്പെടുത്തിയത്. ആഗസ്റ്റ് രണ്ട് മുതല്‍ 20 വരെ ആകെ 90,034 പോലീസ് മനുഷ്യദിനങ്ങളാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തിയത്.

2018 ആഗസ്റ്റില്‍ ആരംഭിച്ച ജലരക്ഷ എന്ന ഓപ്പറേഷനില്‍ ദിവസേന പതിനായിരത്തില്‍ കൂടുതല്‍ ഓഫീസര്‍മാരും ജനങ്ങളും പങ്കാളികളായി. സംസ്ഥാന പോലീസ് സേനയെ ഒന്നടങ്കം ഏററവും ചുരുങ്ങിയ സമയത്തില്‍ ലഭ്യമാകുംവിധം സജ്ജമാക്കി നിറുത്തുകയും കൂടാതെ ആംഡ് ബറ്റാലിയന്‍, കോസ്‌ററല്‍ പോലീസ്, ആര്‍.ആര്‍.ആര്‍.എഫ്, തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോസ്, വനിതാ ബററാലിയന്‍, പോലീസിലെ സ്‌പെഷ്യല്‍ യൂണിറ്റുകളായ ക്രൈം ബ്രാഞ്ച്, കേരളാ പോലീസ് അക്കാദമി, ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എന്നീ സേനാവിഭാഗങ്ങളിലെ 33,000 ത്തോളം മാനവശേഷി ഇതിനായി ലഭ്യമാക്കി. കേരളാ പോലീസിലെ കോണ്‍സ്റ്റബിള്‍ മുതല്‍ എ.ഡി.ജി.പി വരെയുള്ള എല്ലാറാങ്കിലുള്ള ഉദ്യോഗസ്ഥരും, ഒരു ഘട്ടത്തില്‍ സംസ്ഥാന പോലീസ് മേധാവിതന്നെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി. രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ദൈനംദിനം 10,000 നും 15,000 നുമിടയില്‍ ആളുകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.

രക്ഷാ പ്രവര്‍ത്തനത്തിനും തിരച്ചിലിനും കടലോര ജാഗ്രതാ സമിതിയുടെയും കോസ്റ്റല്‍ സെക്യൂരിറ്റിയുടെയും ഇടപെടലില്‍ 163 മത്സ്യത്തൊഴിലാളികളും 48 ബോട്ടുകളും പോലീസിന് സഹായകമായി. ആഗസ്റ്റ് 20 ഓടെ 12,299 മത്സ്യത്തൊഴിലാളികളും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്തു. കടലോര ജാഗ്രതാസമിതിയില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികളും മറ്റും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ആഗസ്റ്റ് 14ന് 168 മത്സ്യത്തൊഴിലാളികളുമായി 48 വള്ളങ്ങള്‍ പ്രവര്‍ത്തനസജ്ജമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ എണ്ണം 2605, 3324 എന്നിങ്ങനെയായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ ലഭ്യമാക്കിയത് ആഗസ്റ്റ് 17 നാണ് – 1018 വള്ളങ്ങള്‍. ആഗസ്റ്റ് 14നും 20നും ഇടയിലായി 12,299 മനുഷ്യദിനങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ ലഭ്യമാക്കിയത്. പോലീസ് വാഹനങ്ങള്‍ 6596 മനുഷ്യദിവസങ്ങളും മത്സ്യബന്ധനവള്ളങ്ങള്‍ 4,153 മനുഷ്യദിവസങ്ങളും ടിപ്പര്‍ ലോറികള്‍ 3,868 മനുഷ്യദിവസങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നിന്ന ഒരേയൊരു ഘടകം ജീവന്‍രക്ഷാ ഉപാധികളുടെ അപര്യാപ്തതയായിരുന്നു. ആകെ 153 ലൈഫ് ജാക്കറ്റുകള്‍ മാത്രമായിരുന്നു പോലീസിന്റെ കൈവശമുണ്ടായിരുന്നത്. തുടര്‍ന്ന് മറ്റു ഏജന്‍സികളില്‍ നിന്നും ലൈഫ് ജാക്കറ്റുകള്‍ ശേഖരിച്ച് ഉപയോഗിച്ചു. പലപ്പോഴും പോലീസുകാര്‍ ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിക്കാതെ ജീവന്‍ പോലും പണയപ്പെടുത്തി രക്ഷകരാകുന്ന കാഴ്ചയാണ് കേരളം കണ്ടത്.

പ്രളയത്തിന്റെ ആദ്യദിനങ്ങളില്‍ നൂറില്‍ കുറവ് വാഹനങ്ങളാണ് പോലീസ് ഉപയോഗിച്ചിരുന്നത്. ആഗസ്റ്റ് 14നും 20നും മദ്ധ്യേ ഇത് ശരാശരി 746 ആയി ഉയര്‍ന്നു. ആഗസ്റ്റ് 18ന് 932 വാഹനങ്ങളാണ് പോലീസ് നിരത്തില്‍ ഇറക്കിയത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റും രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളാ പോലീസിനെ കഴിവിന്റെ പരമാവധി സഹായിച്ചു. പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയ 15,000 കേഡറ്റുകളും 5,000 പൂര്‍വ്വ കേഡറ്റുകളും സഹായഹസ്തവുമായി എത്തി. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിറ്റി പോലീസിംഗ് പദ്ധതിയിലെ അംഗങ്ങളും പങ്കാളികളായി.

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കേരളാ പോലീസ് നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. കുട്ടികളെ ചെറുപ്പം മുതല്‍ തന്നെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുവാനും നിയമബോധവും ആന്തരികകഴിവ്, സ്വയം അച്ചടക്കം, സാമൂഹിക കടപ്പാട് എന്നിവ വളര്‍ത്തിയെടുക്കുകയുമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ലക്ഷ്യം. രണ്ട് വര്‍ഷത്തെ കഠിനമായ പരിശീലനത്തിലൂടെ ഒരു ലക്ഷം പേര്‍ അടങ്ങുന്ന യുവതലമുറയെ പുത്തന്‍ നേതൃത്വ വാഗ്ദാനമായി മാറ്റുകയാണ് എസ്.പി.സി യുടെ ലക്ഷ്യം.

ഇതുവരെ ഒരു ലക്ഷം വിദ്യാര്‍ത്ഥികളാണ് കേരളാ പോലീസിന്റെ ബൃഹത്തായ ഈ പദ്ധതിയില്‍ പരിശീലനം നേടിയത്. 645 സ്‌കൂളുകളില്‍ നിന്നായി 52000 കേഡറ്റുകളുടെ പരിശീലനം നടന്നുകൊണ്ടിരിക്കുന്നു. അടുത്ത അധ്യയനവര്‍ഷത്തോടുകൂടി നൂറിലധികം സ്‌കൂളുകള്‍ ഈ പദ്ധതിയുടെ ഭാഗമാകും. 2018 ല്‍ സംസ്ഥാനത്താകെ 21,529 കേഡറ്റുകളാണ് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്. 8-ാം തരത്തില്‍ 13,935 ആണ്‍കുട്ടികളും 13,900 പെണ്‍കുട്ടികളും ഉള്‍പ്പെടെ 27,835 വിദ്യാര്‍ത്ഥികളും 9-ാം തരത്തില്‍ 12,263 ആണ്‍ കുട്ടികളും 12,226 പെണ്‍കുട്ടികളും ഉള്‍പ്പെടെ 24,489 വിദ്യാര്‍ത്ഥികളുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ സ്റ്റുഡന്റ് പോലീസ് സേനയിലെ 16,000 കേഡറ്റുകള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 3300 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാന്‍ സാധിച്ചു. അഞ്ചോ ആറോ വിഷയങ്ങളില്‍ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. പ്ലാനിംഗ് ബോര്‍ഡ്, എസ്.സി.ഇ.ആര്‍.റ്റി, കെ.പി.എം.ജി എന്നിവര്‍ നടത്തിയ പഠനത്തില്‍ എസ്.പി.സി എന്ന പദ്ധതി വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണത്തില്‍ പരമപ്രധാനമായ പങ്ക് വഹിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ സേനാംഗങ്ങള്‍ മാത്രമല്ല മറിച്ച് അവരുടെ രക്ഷിതാക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍, സഹപാഠികള്‍ എന്നിവര്‍ കൂടിയാണ്.

കേരളത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ഉള്‍ക്കൊണ്ട് രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക, എന്നീ സംസ്ഥാനങ്ങള്‍ ഈ പദ്ധതി ആരംഭിക്കുവാനായി മുന്നോട്ടു വന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനയായ യുണിസെഫ് പോലുള്ളവയും ഈ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി സ്ഥിരമായി കേരളത്തില്‍ എത്താറുണ്ട്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍:

സമൂഹത്തില്‍ സഹായവും പരിഗണനയും ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് അവ എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. അര്‍ഹരായ നാട്ടുകാര്‍ക്കും കേഡറ്റുകള്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുമായി എസ്.പി.സി ഇതിനകം തന്നെ 24 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം റൂറലില്‍ അഞ്ചും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലയില്‍ മൂന്നു വീതവും വീടുകള്‍ ആണ് നിര്‍മ്മിച്ചിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ രണ്ട് വീതവും വയനാട്, കോഴിക്കോട് റൂറല്‍, പാലക്കാട്, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളില്‍ ഒന്നുവീതവും വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അര്‍ഹരായവരെ കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി തുടരാനാണ് എസ്.പി.സിയുടെ തീരുമാനം.

പരിസ്ഥിതി സംരക്ഷണത്തിന് എസ്.പി.സി കാര്യമായ സംഭാവനയാണ് നല്‍കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ എസ്.പി.സി കേഡറ്റുകള്‍ വച്ചുപിടിപ്പിച്ച 1,17,497 മരങ്ങള്‍ ആണ് ഇന്ന് സംസ്ഥാനത്തുള്ളത്. ഏറ്റവും കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചത് കോഴിക്കോട് റൂറലിലാണ്-29,811. രണ്ടാം സ്ഥാനം 10,579 മരങ്ങള്‍ ഉളള എറണാകുളം റൂറലിനാണ്. മരം നടുക മാത്രമല്ല വെള്ളവും വളവും നല്‍കി അവയെ ഊട്ടിവളര്‍ത്തുന്നതും എസ്.പി.സി കേഡറ്റുകള്‍ തന്നെ.

തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികില്‍സയില്‍ ഉള്ള രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ദിവസവും ശരാശരി 500 ഭക്ഷണപ്പൊതികള്‍ ആണ് എസ്.പി.സി കേഡറ്റുകള്‍ നല്‍കിവരുന്നത്. കൂടാതെ വിവിധ അനാഥാലയങ്ങളും വൃദ്ധസദനങ്ങളും സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കാനും അവര്‍ ശ്രദ്ധചെലുത്തുന്നു. വേനല്‍ക്കാലം എത്തിയതോടെ ശുദ്ധജലാശയങ്ങള്‍ വൃത്തിയാക്കാനും എസ്.പി.സി കേഡറ്റുകള്‍ സമയം കണ്ടെത്തി വരുന്നു.

ഹോപ്പ് ഹോപ്പ് എന്നത് 10,12 ക്ലാസുകളില്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കുട്ടികളുടെ ആത്മവിശ്വാസവും സ്വയം പര്യാപ്തതയും കഴിവും പരിപോഷിപ്പിക്കുന്നതിനായി കേരള പോലീസ് നടപ്പാക്കിയ പങ്കാളിത്ത സംരംഭമാണ്. 2016-17 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം അവലോകനം ചെയ്തശേഷമാണ് ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിച്ചത്. 4.35 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 10000 വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുകയുസ്സണ്ടായി. ഈ വസ്തുതയാണ് പോലീസ് വകുപ്പിന് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് പ്രേരണയായത്. പരാജയപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് വിജയിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കുന്നതാണ് പദ്ധതിയുടെ കാതല്‍.

കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പദ്ധതി ഇപ്പോള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നടപ്പിലാക്കി. ഈ പദ്ധതിപ്രകാരം പരിശീലനം ലഭിച്ച 100 പേരില്‍ 73 പേര്‍ ഹയര്‍സെക്കന്‍ഡറി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുസ്സണ്ട്. ഈ വര്‍ഷത്തോടെ പദ്ധതി തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കും. ഈ പദ്ധതിക്ക് വേണ്ട എല്ലാവിധ സഹായങ്ങളും തദ്ദേശസ്വയംഭരണവകുപ്പും പട്ടികവര്‍ഗവികസന വകുപ്പും നല്‍കി വരുന്നു.

കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തിന് എട്ട് ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇരകളായിട്ടുണ്ടെന്നാണ് കണക്ക്. ഇത്തരം വിദ്യാര്‍ത്ഥികളെ അവരുടെ മാനസിക പിരിമുറുക്കത്തില്‍ നിന്ന് കരകയറ്റുന്നതിനായി യുണിസെഫിന്റെ സാമ്പത്തിക സഹായത്താല്‍ ഹോപ്പ് 2 എന്ന പേരില്‍ ഈ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കി. പ്രളയം ബാധിച്ച എട്ട് ജില്ലകളിലെ വാര്‍ഡ് മെമ്പര്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പരിശീലനം നല്‍കാന്‍ വേണ്ടി 60 രക്ഷാപ്രവര്‍ത്തകരെ തിരഞ്ഞെടുത്തു. പ്രളയകാലത്ത് കഠിനമായ ദുരിതം അനുഭവിച്ചവരെ മെന്റര്‍ഷിപ്പ് പരിപാടികളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചുവരുന്നു.

പിങ്ക് പോലീസ് പട്രോള്‍

സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനും ഏത് സമയത്തും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി വനിതാപോലീസിന്റെ സഹായം നല്‍കുന്ന പദ്ധതിയാണ് പിങ്ക് പോലീസ് പട്രോള്‍. പൂര്‍ണ്ണമായും വനിത പോലീസ് ഉള്‍പ്പെടുന്ന ഹൈ-ടെക് കാര്‍ ഉപയോഗിച്ചാണ് പിങ്ക് പോലീസ് പട്രോളിംഗ് നടത്തുന്നത് എന്നതാണ് പ്രത്യേകത . 1515 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്ന ആര്‍ക്കും ഈ സേവനം ലഭ്യമാണ്.

2016 ആഗസ്റ്റ് 15 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ആരംഭിച്ച പദ്ധതി ഇന്ന് 14 പോലീസ് ജില്ലകളില്‍ ലഭ്യമാണ്. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനത്തുടനീളം 26 ഹൈ-ടെക് കാറുകള്‍ നിലവിലുണ്ട്.

ജില്ലകളിലെ പിങ്ക് പോലീസ് പട്രോളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രശംസാര്‍ഹമായ പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 2019 ഫെബ്രുവരി 28 വരെ തിരുവനന്തപുരം സിറ്റി പിങ്ക് പോലീസ് കണ്‍ട്രോള്‍ റൂമില്‍ 2,68,043 ഫോണ്‍ കോളുകളാണ് വന്നിട്ടുള്ളത്. കോഴിക്കോട് സിറ്റി പിങ്ക് പോലീസ് കഴിഞ്ഞ ആറ് മാസത്തിനൂള്ളില്‍ 57 വനിതകളെയാണ് ഷെല്‍ട്ടര്‍ ഹോമുകളിലെത്തിച്ചത്. കൊച്ചി സിറ്റിയില്‍ 2017 ല്‍ 34 ഉം 2018 ല്‍ 19 ഉം 2019 ല്‍ ഒരു കേസും പിങ്ക് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂരില്‍ വനിതാസംരക്ഷണം സംബന്ധിച്ച 35 കേസുകളില്‍ പിങ്ക് പോലീസ് ഇടപെടല്‍ നടത്തുകയുണ്ടായി.

പിങ്ക് പോലീസ് പദ്ധതി എല്ലാ ജില്ലകളിലും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം ലഭ്യമാക്കുന്നതിനു പുറമേ മോഷ്ടാക്കളെയും കുറ്റവാളികളെയും കണ്ടെത്തി ലോക്കല്‍ പോലീസിനെ സഹായിക്കുകയും ചെയ്യുന്നു. പിങ്ക് പട്രോളിന്റെ സാധാരണ ചുമതലകള്‍ക്ക് പുറമെ കുറ്റാന്വേഷണരംഗത്തും പലപ്പോഴും അവര്‍ പ്രശംസനീയമായ മാതൃക കാഴ്ചവയ്ക്കാറുണ്ട്. ആറ്റിങ്ങലില്‍ 44 പവന്‍ സ്വര്‍ണ്ണവും 62,000 രൂപയും മോഷ്ടിച്ചു കടന്ന നാടോടിസ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത് പിങ്ക് പട്രോള്‍ പോലീസിന്റെ സഹായത്തോടുകൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്തും ഇവരുടെ സേവനം സംസ്ഥാനത്ത് വിജയകരമായി ഉപയോഗിച്ചിരുന്നു.

Top