തിരുവനന്തപുരം: കേരള പോലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വെടിയുണ്ട കാണാതാകുന്നതു പുതുമയല്ല, രേഖപ്പെടുത്തിയതിലെ വീഴ്ചയാകാം. കാലാകാലങ്ങളായി വെടിയുണ്ടകള്‍ കാണാതായിട്ടുണ്ട്. താന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
നിയമസഭക്ക് സമര്‍പ്പിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നോ എന്ന് സി.എ.ജി.തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തണം. സി.എ.ജി. റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പറയാനാവില്ലെന്നും കോടിയേരി പറഞ്ഞു. അക്കൗണ്ടന്റ് ജനറല്‍ ഡിജിപിയുടെ പേരെടുത്തു പറഞ്ഞത് അസാധാരണ നടപടിയാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കട്ടെ എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പരിശോധന നടത്തിയാല്‍ പോയ തോക്കുകള്‍ അവിടെത്തന്നെ കണ്ടെത്താനാകും. അതിന്റെ കണക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചതിലുള്ള പിഴവുകള്‍ക്കാണ് സാധ്യത. സി.എ.ജി റിപ്പോര്‍ട്ട് പി.എ.സി പരിശോധിക്കുമ്പോള്‍ അക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.