ന്യൂഡല്‍ഹി: കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി ശക്തമായ സാഹചര്യത്തില്‍ ഹെലികോപ്റ്ററടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കും.
നിലമ്പൂര്‍ വനത്തിലുള്‍പ്പെടെ കേരളത്തിലെ വനങ്ങള്‍ കേന്ദ്രീകരിച്ച് ദക്ഷിണ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ശക്തമാക്കിയ സാഹചര്യത്തിലാണ് വനത്തിലെ നിരീക്ഷണം ശക്തമാക്കുന്നതിനും കമാന്‍ഡോ ഓപ്പറേഷനുമായി ഹെലികോപ്ടര്‍ വാങ്ങണമെന്ന നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
നിലമ്പൂരില്‍ സി പി ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവ രാജ് ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കൂടുതല്‍ കേന്ദ്ര സഹായം സംസ്ഥാന സര്‍ക്കാറിന് ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്. കേന്ദ്ര ആഭ്യന്തര ഉപദേഷ്ടാവും കാട്ടു കള്ളന്‍ വീരപ്പനെ വെടിവെച്ച് കൊന്ന ദൗത്യസംഘം തലവനുമായ വിജയകുമാര്‍ കേരളത്തിന് ആവശ്യമായ ധനസഹായം നല്‍കണമെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാറിന് നല്‍കിയിട്ടുള്ളതെന്നാണ് സൂചന.
ഹെലികോപ്ടര്‍, ഏത് കാലാവസ്ഥയിലും വനത്തിനുള്ളിലടക്കം സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വാഹനങ്ങള്‍, ആധുനിക ആയുധങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനായി ഭീമമായ ചിലവാണ് വരിക. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ പരിതാപകരമായതിനാല്‍ കേന്ദ്ര ഫണ്ട് തന്നെയാണ് ഏകമാര്‍ഗം.
മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ജാര്‍ഖണ്ഡ്, ഛത്തിസ്ഖണ്ഡ്, ഒറീസ, ബീഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ മാവോയിസ്റ്റ് വേട്ടക്കായി വന്‍തോതിലുള്ള ഫണ്ട് ലഭിക്കുന്നുണ്ട്. ഇത്തരം സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ ഇതുവരെ യാതൊരു രക്തരൂക്ഷിത ആക്രമണങ്ങളും മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്നുണ്ടാകാത്തതിനാല്‍ കേന്ദ്ര സഹായ ലിസ്റ്റില്‍ ഇതുവരെ കേരളം ഉള്‍പ്പെട്ടിരുന്നില്ല.
എന്നാല്‍ നിലമ്പൂരിലെ ഏറ്റുമുട്ടലിലൂടെ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ച രേഖകളില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരുന്നത്. അതില്‍ പ്രധാനമായത് സായുധ പോരാട്ടത്തിന് കേരളത്തിലും മാവോയിസ്റ്റുകള്‍ പ്ലാന്‍ ചെയ്തിരുന്നു എന്നതാണ്.
ദക്ഷിണേന്ത്യയിലെ നേതാക്കളെല്ലാവരും നിലമ്പൂര്‍ വനത്തില്‍ യോഗം ചേര്‍ന്നത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെ പോലും ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് ഐബിയും കേരള ആഭ്യന്തര വകുപ്പും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് നിരവധി തവണയാണ് സംസ്ഥാനതെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. നിലമ്പൂരിലെ ഓപ്പറേഷന് മുന്‍പ് സുപ്രധാനമായ ചില വിവരങ്ങള്‍ കേന്ദ്രം സംസ്ഥാന പൊലീസിന് കൈമാറിയതായും സൂചനയുണ്ട്.
അതെസമയം കേന്ദ്ര കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രതികാര നടപടി എപ്പോള്‍ വേണമെങ്കിലും മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാമെന്ന നിഗമനത്തില്‍ തന്നെയാണ് കേരള പൊലീസ് മുന്നോട്ട് നീങ്ങുന്നത് .
മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടര്‍ ബോള്‍ട്ടിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനും വനമേഖലകള്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുമാണ് കേരള സര്‍ക്കാരിനും താല്‍പര്യം. കേന്ദ്രസേനയായ സി.ആര്‍.പി.എഫിന്റെ സഹായം തോടാതെ തണ്ടര്‍ബോള്‍ട്ടിനെ ഇത്തരം ഓപ്പറേഷനുകള്‍ക്ക് നിയോഗിക്കണമെന്നതാണ് നയം.
ഐഎസ് ഉള്‍പ്പെടെ വിവിധ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുക കൂടി ചെയ്തതിനാല്‍ എല്ലാ ജില്ലകളിലും തണ്ടര്‍ബോള്‍ട്ടിന്റെ ക്യാംപ് തുടങ്ങാനും ആലോചനയുണ്ട്. കേന്ദ്രഫണ്ട് ലഭിക്കുന്നതിലൂടെ കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ആധുനിക ആയുധങ്ങളും ഹെലികോപ്ടറും കിടിലന്‍ വാഹനങ്ങളുമെല്ലാം ലഭിക്കുന്നതോടെ കേരളത്തില്‍ സൂപ്പര്‍പവര്‍ സേനയായി ഇനി തണ്ടര്‍ബോള്‍ട്ട് മാറും. അത്യാവശ്യ ഘട്ടങ്ങളില്‍ വിവിഐപി സുരക്ഷക്കും ഇവരെ നിയോഗിക്കാന്‍ കഴിയും