തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തു. കന്റോൺമെന്റ് പൊലീസാണ് കേസ് എടുത്തത്. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെടി ജലീൽ നൽകിയ പരാതിയിൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേസ് എടുത്തത്. പിസി ജോർജിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ കെടി ജലീൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണെന്ന് പരാതി നൽകിയ ശേഷം ജലീൽ മാധ്യമങ്ങളോട് പറഞ്ഞു
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും തനിക്കെതിരെയും ഉന്നയിച്ചിട്ടുള്ള കള്ള ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെയാണ് സ്വപ്നയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയതെന്ന് ജലീൽ പറഞ്ഞു. നുണപ്രചാരണം നടത്തി ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണ്. ഇതിൽ വലിയ ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചന നടത്തിയത് ആരാണെന്ന് ഇതിനകം മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സ്വപ്ന സുരേഷിന്റെത് പുതിയ വെളിപ്പെടുത്തലല്ല. ഇതിന് മുൻപും സമാനമായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഒന്നരവർഷക്കാലം ജയിലിൽ ആയിരുന്നു. വിവിധ അന്വേഷണ ഏജൻസികൾ അവരെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. അപ്പോഴൊന്നും പറയാത്ത കാര്യങ്ങൾ പറയാൻ ഇപ്പോൾ അവർക്ക് എങ്ങനെ ബോധോധയം ഉണ്ടായി. നേരത്തെ പറഞ്ഞ കാര്യങ്ങൾ തേൻപുരട്ടി മസാല തേച്ച് അവതരിപ്പിക്കുകയാണ്. അതിലൊന്നും യാതൊരു ഭയവുമില്ല. മൂന്ന് അന്വേഷണ ഏജൻസി തിരിച്ചും മറിച്ചും അന്വേഷണം നടത്തിയിട്ടും ഒരു ചുക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനി എത്രവലിയ അന്വേഷണം നടത്തിയാലും ഇപ്പേൾ സഞ്ചരിച്ചതിനപ്പുറം ഒരു ഇഞ്ചും മുന്നോട്ടുപോകാൻ കഴിയില്ല. അത്രമേൽ ആത്മവിശ്വാസത്തോടെയാണ് ഇത് പറയുന്നതെന്നും ജലീൽ പറഞ്ഞു.
പിസി ജോർജ് സ്വപ്ന സുരേഷുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഇങ്ങനെ തോന്നുന്ന ചിലകാര്യങ്ങൾ അടിസ്ഥാനരഹിതമായി പലയാളുകളുടെയും പ്രേരണയെ തുടർന്ന് ജനങ്ങളോട് പറഞ്ഞ് മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരെ അവഹേളിക്കാനുളള ശ്രമങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയും കൂട്ട് നിൽക്കരുത്. ബിജെപിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായിരിക്കുന്ന സമയത്താണ് ഇത്തരം ഒരു ആരോപണം ഉണ്ടായത്.ഇതിന് ഇന്ധനം പകരുന്ന നിലപാടാണ് യുഡിഎഫ് ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം നടത്തുന്നവർ ദുഖിക്കേണ്ടി വരുമെന്നും ജലീൽ പറഞ്ഞു.