ദില്ലി: ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയുടെ ഷഹീൻ ബാഗിലെ വീട്ടിൽ വീണ്ടും പരിശോധന നടത്തി കേരളാ പൊലീസ്. ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യമായി പരിശോധന നടത്തിയത്. പരിശോധനയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഷാറൂഖിന്റെ ഷഹീൻ ബാഗിലെ വീട്ടിൽ കേരള പൊലീസ് വീണ്ടും പരിശോധനയ്ക്ക് എത്തിയത്. രാവിലെ ദില്ലിയിൽ എത്തിയ ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജൻ ഷാറൂഖിന്റെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷാറൂഖിന്റെ പിതാവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അയൽക്കാരുടെയും സുഹൃത്തുക്കുകളുടെയും മൊഴിയെടുത്തു. മൂന്നര മണിക്കൂറോളം ഷഹീൻ ബാഗിൽ പരിശോധന നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. നിലവിൽ ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഷഹീൻ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ അടക്കം ഇയാൾ പങ്കാളിയായിരുന്നോ എന്ന കാര്യത്തിലും വിവരങ്ങൾ തേടിയിട്ടുണ്ട്. കൂടാതെ ഇയാൾക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്നതിലാണ് ഇപ്പോൾ കാര്യമായ അന്വേഷണം നടക്കുന്നത്. ദില്ലിയിലെ അന്വേഷണ സംഘത്തിലേക്ക് കൂടൂതൽ പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ സംഘാങ്ങൾ ദില്ലിയിൽ യോഗം ചേർന്നിരുന്നു. ദില്ലി റെയിൽ വേ സ്റ്റേഷനിൽ നിന്ന് ഷാറൂഖ് ട്രെയിൻ കയറി പോകുന്ന സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് വിവരം.