പൊതുജനങ്ങൾക്ക് തോക്ക് പരിശീലനം നൽകാൻ കേരളാ പൊലീസ്

പൊതുജനങ്ങൾക്ക് തോക്ക് പരിശീലനം നൽകാൻ ഒരുങ്ങി കേരളാ പൊലീസ്. ലൈസൻസ് ഉള്ളവർക്കും, അപേക്ഷകർക്കും ഫീസ് ഈടാക്കിക്കൊണ്ട് പരിശീലനം നല്കാനാണ് തീരുമാനം. പരിശീലനത്തിന് പ്രത്യേക സമിതിയും, സിലബസും തയാറാക്കിയിട്ടുണ്ട് . സംസ്ഥാന പൊലീസ് മേധാവി ഇത് സംബന്ധിച്ച ഉത്തരവിറക്കി.

തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്ക് പ്രാക്ടീസ് ചെയ്യാൻ സൗകര്യമുണ്ടായിരുന്നില്ല . ചില സ്വകാര്യ ട്രെയ്‌നിംഗ് സെന്ററുകൾ ഉണ്ടായിരുന്നുവെങ്കിലും ഇത് പ്രായോഗികമായിരുന്നില്ല. പൊതുജനം പരാതിയുമായി കോടതിയെ വരെ സമീപിച്ച സാഹചര്യത്തിലാണ് കേരളാ പൊലീസിന്റെ പുതിയ നടപടി.

മൂന്ന് മാസത്തിലൊരിക്കൽ പരിശീലന പരിപാടി സംഘടിപ്പിക്കും . ആയുധ പരിശീലനത്തിനും അടിസ്ഥാന കാര്യങ്ങൾ മനസിലാക്കുന്നതിനും ആയിരം രൂപയാണ് ഈടാക്കുക. ഫയറിംഗ് പ്രാക്ടീസിന് 5000 രൂപയാണ് ഈടാക്കുക. തിരുവനന്തപുരത്ത് ബറ്റാലിയൻ കേന്ദ്രീകരിച്ചാകും പരിശീലനം. അടൂർ, തൃപ്പൂണിത്തുറ, മങ്ങാട്ടുപ്പറമ്പ്, മലപ്പുറം, കുട്ടിക്കാനം, മുട്ടിക്കുളങ്ങര എന്നിവിടങ്ങളിലാകും പരിശീലനം.

Top