സംസ്ഥാനത്ത് ഇന്നുമുതല്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്തും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി എസ് പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടക്കും. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും അതാത് പ്രദേശത്തെ ഡിവൈ.എസ്.പിമാര്‍ ഈ ചുമതല നിര്‍വ്വഹിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും അതിര്‍ത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കര്‍ശനമായി പരിശോധിക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് പോലീസ് പരിശോധനകള്‍ നടത്തുക. കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റഎ പൂര്‍ണ രൂപം…

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്കു വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എസ്.പി തലത്തിലുള്ള ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും അതാത് പ്രദേശത്തെ ഡിവൈ.എസ്.പിമാര്‍ ഈ ചുമതല നിര്‍വ്വഹിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും അതിര്‍ത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കര്‍ശനമായി പരിശോധിക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് പോലീസ് പരിശോധനകള്‍ നടത്തുക. കോവിഡ്19 വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാന്‍ എല്ലാ വിഭാഗത്തിലേയും പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍, സി.ഐ.എസ്.എഫ്, കസ്റ്റംസ് വിഭാഗങ്ങളുമായി ചേര്‍ന്നായിരിക്കും പോലീസ് പ്രവര്‍ത്തിക്കുക.

വിവിധ ട്രെയിനുകളില്‍ കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരെ അതിര്‍ത്തി പ്രദേശങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ തന്നെ പരിശോധിക്കുന്നതാണ്. അത്തരം സ്റ്റേഷനുകളില്‍ നിര്‍ത്താത്ത ട്രെയിനുകളിലെ യാത്രക്കാരെ ട്രെയിന്‍ കേരളത്തില്‍ നിര്‍ത്തുന്ന ആദ്യത്തെ സ്റ്റേഷനില്‍തന്നെ പരിശോധിക്കും. ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍, ഒരു ഹെല്‍ത്ത് വോളന്റിയര്‍ എന്നിവരടങ്ങുന്ന ടീം ഒരു ട്രെയിനിലെ രണ്ടു ബോഗികള്‍ വീതം പരിശോധിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ഓഫീസര്‍മാരുടെ സേവനം മുഴുവന്‍ സമയവും ഉറപ്പാക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ സേവനം അനുഷ്ടിക്കുന്ന മെഡിക്കല്‍ സംഘത്തിന് സുരക്ഷ ഒരുക്കേണ്ടതും ഡിവൈ.എസ്.പിമാരുടെ ചുമതലയാണ്.

കേരളത്തിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള മേല്‍നോട്ടം അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്. അത്തരം പരിശോധനാകേന്ദ്രങ്ങളുടെ ചുമതല ഡിവൈ.എസ്.പിമാര്‍ക്ക് നല്‍കും. അവരുടെ നേതൃത്വത്തില്‍ രണ്ടു പോലീസുദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് പരിശോധന നടത്തുക. ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാണ് പരിശോധന നടത്തേണ്ടത്. കടലിലൂടെ യാത്രക്കാര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പുലര്‍ത്തും.

ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡി.എം.ഒ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ എല്ലാദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അഡീഷണല്‍ എസ്.പി മാരുടെ സേവനവും വിനിയോഗിക്കും. മതപരമായ പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത്തരം മതവിഭാഗങ്ങളുടെ മേധാവിമാരെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിന് ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പാര്‍ക്ക്, കളിസ്ഥലങ്ങള്‍, മാളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ പരിശോധനയും നിയന്ത്രണങ്ങളും നടത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി , സോണ്‍ ഐജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കും.

കോവിഡ് 19 വൈറസ് ബാധയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് സുരക്ഷ നല്‍കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനും പോലീസ് ഒപ്പമുണ്ടാകും. ഭയം കാരണം പുറത്തിറങ്ങാന്‍ മടിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്ന്, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവ വാങ്ങി നല്‍കുന്നതിന് ജനമൈത്രി പോലീസും പഞ്ചായത്ത് വോളന്റിയര്‍മാരും സഹായിക്കും.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ടൂറിസം പോലീസിനായിരിക്കും. ഏതെങ്കിലും വിനോദ സഞ്ചാരിയെക്കുറിച്ച് സംശയം തോന്നിയാല്‍ അവര്‍ ഉടന്‍ തന്നെ അക്കാര്യം ജില്ലാ പോലീസ് മേധാവിമാരെയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കും.

അത്യാവശ്യമില്ലാത്ത യോഗങ്ങളും ആള്‍ക്കൂട്ടങ്ങളും പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായി അവ നടത്താന്‍ പോലീസ് അനുവാദം നല്‍കില്ല.

മറുനാടന്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളില്‍ കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഐ.പി.എസ് ഓഫീസര്‍മാരെ നിയോഗിക്കും. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ താമസിക്കുന്ന മറുനാടന്‍ തൊഴിലാളികളെ നേരിട്ട് കണ്ട് അവരുടെ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെയെ നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നബാധിത സ്ഥലങ്ങളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും. എല്ലാ വിഭാഗങ്ങളിലേയും പോലീസ് ഉദ്യോഗസ്ഥരും ഇത്തരം നടപടികളില്‍ പങ്കാളികളാകും.

Top