തിരുവനന്തപുരം: സായുധ പൊലീസ് ആസ്ഥാനത്തുനിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈം ബ്രാഞ്ചിന്റെ തെളിവെടുപ്പ് ഇന്ന്. വെടിയുണ്ടകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് സ്റ്റോറില്‍ നിന്നും എസ്എപി ക്യാമ്പിലേക്ക് നല്‍കിയിട്ടുള്ള വെടിയുണ്ടകളെല്ലാം ഹാജരാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം. സിഎജി റിപ്പോട്ടിലും പൊലീസ് നടത്തിയ ആഭ്യന്തര പരിശോധനയിലും വെടിയുണ്ടകളുടെ എണ്ണത്തില്‍ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തിലാണ് വെടിയുണ്ടകള്‍ ക്രൈം ബ്രാഞ്ച് നേരിട്ട് പരിശോധിക്കുന്നത്.
വിവിധ എആര്‍ക്യാമ്പുകളിലും ബറ്റാലിയിനുകളിലും പരിശീലനത്തിനായി നല്‍കിയിരുന്ന വെടിയുണ്ടകള്‍ എസ്എപി ക്യാമ്പില്‍ തിരികെയെത്തിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ സാനിധ്യത്തില്‍ 11 മണിക്ക് എസ്എപി ക്യാമ്പിലാണ് പരിശോധന. സംസ്ഥാന പൊലീസിന്റെ ആയുധപുരയില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
കേരള പൊലീസിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തല്‍ വാര്‍ത്തയും വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. എസ്എപി ക്യാമ്പില്‍ നിന്നും 12,000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി.