ഡെപ്യൂട്ടി കമാൻഡന്റിനെ പൊലീസുകാരൻ തല്ലി വീഴ്ത്തി, ഞെട്ടി തരിച്ച് ഉന്നത ഉദ്യോഗസ്ഥർ

തൃശൂര്‍: ഉന്നതപൊലീസ് ഉദ്യോഗസ്ഥനെ മദ്യലഹരിയില്‍ പൊലീസുകാരന്‍ തല്ലി.

എആര്‍ ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായരെയാണ് പൊലീസുകാരനായ ജോഷി അടിച്ചത്. സേനയെയാകെ ഞെട്ടിച്ച സംഭവത്തില്‍ പൊലീസുകാരനെ പിന്നീട് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി ഒരുമണിക്കാണ് സംസ്ഥാന പൊലീസിനെ മൊത്തം നാണം കെടുത്തുന്ന സംഭവം അരങ്ങേറിയത്.

നൈറ്റ് പട്രോളിങ് ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായര്‍ തൃശൂര്‍ ചെമ്പൂക്കാവിലെ സബ് ട്രഷറിയിലെ ഗാര്‍ഡ് ഓഫിസില്‍ പരിശോധനയ്‌ക്കെത്തി. സീനിയര്‍ സിപിഒ ജോഷി ഉള്‍പ്പെടെയുള്ളവരായിരുന്നു ഇവിടെ ഡ്യൂട്ടിയില്‍.

പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഇവിടെ പൊലീസുകാരെ കണ്ടില്ലെന്നും അന്വേഷിച്ചു ഗാര്‍ഡ് റൂമിലെത്തിയപ്പോള്‍ മദ്യലഹരിയില്‍ കുഴഞ്ഞ അവസ്ഥയില്‍ ജോഷിയെ കണ്ടെന്നുമാണു ഡപ്യൂട്ടി കമാന്‍ഡന്റന്റ് പറയുന്നത്. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു.

ഇതില്‍ ക്ഷുഭിതനായ പൊലീസുകാരന്‍ തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നു കമാന്‍ഡന്റ് പറയുന്നു. എന്നാല്‍, മേലുദ്യോഗസ്ഥനു തന്നോടുണ്ടായിരുന്ന ദേഷ്യം തീര്‍ക്കാന്‍ പകപോക്കുകയായിരുവെന്നാണ് ജോഷി പറയുന്നത്.

പൊലീസുകാരനെ വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്.

Top