കോഴിക്കോട്: കൊച്ചിയില്‍ നിന്ന് കാണാതായ പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തുന്നതിനായി ഫെയ്സ്ബുക്ക് പേജില്‍ പരസ്യം നല്‍കി പോലീസ്. കേരള പോലീസ് എന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് പരസ്യം പോസ്റ്റ് ചെയ്തത്.
നവാസിന്റെ ശരീരപ്രകൃതിയെക്കുറിച്ചും കാണാതായ സമയത്ത് കടുംനീല നിറത്തിലുള്ള ഷര്‍ട്ടും മങ്ങിയ വെള്ള പാന്റ്സും ഹാന്‍ഡ് ബാഗും ഉണ്ടായിരുന്നതായി പരസ്യത്തില്‍ പറയുന്നു. എന്നാല്‍ സി.ഐ. നവാസിന്റെ തിരോധാനത്തില്‍ ഇതുവരെ തുമ്പ് ലഭിക്കാത്തതില്‍ കേരള പോലീസിനെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നാവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചി എസിപി സുരേഷ് കുമാറിനെ ഡിസിപി പൂങ്കുഴലി ചോദ്യംചെയ്തിരുന്നു. തിരോധാനത്തില്‍ കൊച്ചി എസിപി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് നവാസിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസിപി സുരേഷ് കുമാറിനെ ചോദ്യംചെയ്തത്.
അതേസമയം നവാസിനായി തെക്കന്‍ കേരളത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. തെക്കന്‍ ജില്ലകളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.
സിഐ നവാസ് അവസാനം അയച്ച വാട്സ് ആപ്പ് സന്ദേശം ലഭിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് സുഖമില്ലെന്നും ഒരു യാത്ര പോകുകയാണെന്നുമാണ് ബന്ധുവിനയച്ച വാട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നത്. ബന്ധുവിന്റെ അമ്മയെ ക്വാര്‍ട്ടേഴ്സിലേക്ക് അയക്കണമെന്നും സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നു.
ഇന്നലെ കായംകുളത്തു വച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വിശദ അന്വേഷണം നടത്തിയിരുന്നു.
കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല.
പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല. ഇന്നലെ പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ സിഐ നവാസിനെ കാണാതായത്.