ഇനി വ്യാജ കോളുകളെ പേടിക്കേണ്ട; ഇത് കേരള പൊലീസിന്റെ സുരക്ഷ

തിരുവനന്തപുരം: ഇന്റര്‍ നെറ്റ് വഴിയും ഫോണ്‍ വഴിയുമുള്ള വ്യാജ കോള്‍ ഉപയോഗിച്ചുളള ബാങ്കിംഗ് തട്ടിപ്പ് തടയാന്‍ ബിസെയ്ഫ് ആപ്പുമായി കേരള പൊലീസ്. കേരള പൊലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തിലുളള ആപ്പ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കി. വ്യാജ കോളുകളിലൂടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന 100 ഓളം കേസുകളാണ് ദിവസവും കേരള പൊലീസിന്‍ മുന്നിലെത്തുന്നത്. ഇത്തരം കേസുകള്‍ ഇല്ലാതാക്കാനാണ് ബിസെയ്ഫ് അപ്പ് പുറത്തിറക്കിയത്.

ആര്‍ബിഐ യില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ബാങ്ക് തട്ടിപ്പ് നടത്തുന്ന നമ്പറുകള്‍ ശേഖരിച്ചാണ് ആപ്പ് നിര്‍മ്മിച്ചത്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഇത്തരം നമ്പറുകളില്‍ നിന്നുളള ഫോണ്‍ വരില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു. പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. കൂടാതെ ഫോണ്‍ നമ്പറുകള്‍ ബാങ്ക് തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതാണോയെന്ന് ഉപഭോക്താവിന് ആപ്പില്‍ സെര്‍ച്ച് ചെയ്യാനും പറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓരോ ദിവസവും പുതിയ നമ്പറുകളില്‍ നിന്ന് സ്പാം കോളുകള്‍ വരാനുള്ള സാധ്യതയുള്ളതുകൊണ്ട് തന്നെ ആപ്പ് സെര്‍വറിന് പുറമെ ഉപഭോക്താവിനും അനാവശ്യ നമ്പറുകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിന് പുറമേ സ്പാം ആയി തോന്നുന്ന ഒരു നമ്പര്‍, ഇന്‍സ്റ്റന്റ് മെസ്സഞ്ചര്‍, സോഷ്യല്‍ മീഡിയ പോസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്നവയായാലും സെര്‍ച്ച് ചെയ്യുന്നതിന് സെര്‍ച്ച് ഓണ്‍ കോപ്പി ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്.

Top