തിരുവനന്തപുരം: കേരള പൊലീസിന് വേണ്ടി ഹെലികോപ്റ്റര്‍ സര്‍വീസ് നടത്താനുള്ള കരാര്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സണ്‍ ഏവിയേഷന്. പ്രതിമാസം എണ്‍പത് ലക്ഷം രൂപയ്ക്കാണ് കരാര്‍. ഈ തുകയ്ക്ക് 20 മണിക്കൂര്‍ ആണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കാവുക. 20 മണിക്കൂറിന് ശേഷം അധികമായി പറക്കുന്ന ഓരോ മണിക്കൂറിന് 90,000 രൂപ അധികമായി നല്‍കുകയും വേണം.
ടെന്‍ഡര്‍ നടപടികളിലൂടെയാണ് ഇത്തവണ പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. മൂന്ന് കമ്പനികളില്‍ നിന്നാണ് ചിപ്‌സണ്‍ ഏവിയേഷനെ സര്‍വീസിനായി കേരള പൊലീസ് തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷത്തേക്ക് ആണ് പുതിയ കരാര്‍. ആറ് സീറ്റുള്ള ഹെലികോപ്ടര്‍ ആയിരിക്കും കേരളത്തിനായി ചിപ്‌സണ്‍ നല്‍കുക.
പൊലീസിന്റെ അടിയന്തരാവശ്യങ്ങള്‍ നേരിടാന്‍ എന്ന വ്യക്തമാക്കിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെ പൊതുമേഖല സ്ഥാപനമായിരുന്ന പവന്‍ഹന്‍സില്‍ നിന്നുമായിരുന്നു നേരത്തെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. 2020 ഏപ്രില്‍ മുതല്‍ പൊലീസിന്റെ ഭാഗമായിരുന്ന ഈ ഹെലികോപ്റ്ററിന് ഇരുപത് മണിക്കൂര്‍ പറത്താന്‍ 1.44 കോടി വാടകയും അതില്‍ കൂടുതലായാല്‍ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു വാടക ഈടാക്കിയത്. 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ നേരത്തെ വാടകക്കെടുത്തത്.
വാടക ഇനത്തില്‍ ഈ ഹെലികോപ്ടറിനായി കഴിഞ്ഞ വര്‍ഷം ജി.എസ്.ടി ഉള്‍പ്പെടെ 22 കോടിയില്‍ പരം ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകള്‍ക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്.