തിരുവനന്തപുരം: മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിവാദത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസിനും മുഖ്യമന്ത്രിക്കും ലഭിച്ച നാലു പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ജുഡീഷ്യല്‍ അന്വേഷണത്തിന് സമാന്തരമായിട്ടായിരിക്കും പൊലീസ് അന്വേഷണം.
ശശീന്ദ്രനെതിരെ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം കൂടി ആരംഭിച്ചിരിക്കുന്നത്.
ശശീന്ദ്രനൊപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെതിരെ മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്‍ പരപ്പനങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയാണ് ഒന്ന്. ഈ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി നേരിട്ട് മുഖ്യമന്ത്രിക്കയച്ച പരാതി ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുകയും ചെയ്തു.
തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു വാര്‍ത്തയുടെ സംപ്രേഷണമെന്ന് ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന പരാതിയും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിലേക്കു പൊലീസ് കടന്നത്.
എന്‍സിപി യുടെ യുവജന വിഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലും അന്വേഷണമാരംഭിച്ചിട്ടുണ്ട്.