‘പുലിമടയില്‍’ കയറി കേരള പൊലീസ് ടീം, ഞെട്ടി തരിച്ചത് ആന്ധ്ര പൊലീസ് സേന

യം എന്ന ഒന്ന് കേരള പൊലീസിന് ഇല്ലന്ന് സാക്ഷാല്‍ ആന്ധ്ര പൊലീസിന് തന്നെ ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാകും.

അത്യാധുനിക ആയുധങ്ങളും സ്വന്തമായി അപകടകാരികളായ നക്‌സല്‍ വിരുദ്ധ സേനയും ഉള്ള ആന്ധ്ര പൊലീസിന് സാധിക്കാത്തതാണ് കേരള പൊലീസ് ഇപ്പോള്‍ നടത്തി കാണിച്ച് കൊടുത്തിരിക്കുന്നത്.

ലാത്തി പോലും ഇല്ലാതെ ചങ്കുറപ്പും ബുദ്ധിയും മാത്രം കൈമുതലാക്കിയാണ് നക്‌സല്‍ മേഖലയില്‍ കയറി 325 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്.

വിശാഖപട്ടണത്തു നിന്നും വളരെ ദൂരെ നക്‌സല്‍ മേഖലയില്‍ കഞ്ചാവ് കടത്തുകാരെ പിടികൂടാനാണ് കേരള പൊലീസ് സംഘം എത്തിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് ഗരുഡിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. തലസ്ഥാനത്ത് കഞ്ചാവ് വിതറുന്ന സംഘത്തെ കുരുക്കാന്‍ തയ്യാറാക്കിയ പദ്ധതിയാണ് നക്‌സല്‍ മേഖലയില്‍ ചെന്നെത്തി ആന്ധ്ര പൊലീസിനെയും ഞെട്ടിച്ചത്.

നക്‌സല്‍ മേഖലയില്‍ കഞ്ചാവ് മാഫിയക്കെതിരെ വലിയ ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തിയ കേരള പൊലീസ് സംഘത്തോട് ആന്ധ്ര പൊലീസ് ചോദിച്ചത് ‘നിങ്ങള്‍ക്ക് ഇപ്പോഴും തല ഉണ്ടോ’ എന്നാണ്. തല പോയാലും പ്രതികളെ പിടികൂടുക എന്നതാണ് തങ്ങളുടെ ദൗത്യം എന്നായിരുന്നു കേരള പൊലീസിന്റെ മറുപടി. ഇവിടെ നിന്നും പിടികൂടിയത് 325 കിലോ കഞ്ചാവാണ്. കേരള പൊലീസിന്റെ ചരിത്രത്തിലെ വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇത്.

2018 ഏപ്രില്‍ 27ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് 130 കിലോ കഞ്ചാവുമായി 3 പേരെ പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് 10 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ നായിഡുവിനെ വലിയതുറയില്‍ വെച്ച് പിടികൂടി. ഇയാളാണ് ആന്ധ്രയിലെ മൊത്തക്കച്ചവടക്കാരനും മെഡിക്കല്‍ കോളജ് സംഭവത്തില്‍ കഞ്ചാവ് വിതരണം ചെയ്ത ആളുമായ അര്‍ജുനെക്കുറിച്ച് വിവരം നല്‍കുന്നത്. അര്‍ജുനെ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല. വര്‍ഷങ്ങളായി അറിയാവുന്ന ആന്ധ്രയിലെ കഞ്ചാവ് ഏജന്റുമാര്‍ പറഞ്ഞാലേ അര്‍ജുന്‍ മലയിറങ്ങി വരൂ.

മലയെന്നാല്‍ കഞ്ചാവ് തോട്ടങ്ങള്‍ നിറഞ്ഞ നക്‌സലുകളുടെ മേഖലയാണ്. സംഘത്തെ പിടിക്കേണ്ട ചുമതല സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ ടീമിനായിരുന്നു. നേതൃത്വം എഎസ്‌ഐ ഗോപന്. സംഘത്തിലെ ആരും മുന്‍പ് ആന്ധ്രയിലേക്കു പോയിട്ടില്ല. ‘ആദ്യം വിശാഖപട്ടണത്തെത്തണം. അവിടെ ദാക്ഷായണി ഹോട്ടലുണ്ട്. പ്രസാദെന്ന പേരുള്ള ആളിനെ കണ്ടാല്‍ അയാള്‍ ഏജന്റുമാരെ പരിചയപ്പെടുത്തി തരും’- നായിഡുവിന്റെ വാക്കുകള്‍ വിശ്വസിച്ച് ആറംഗ ഷാഡോ സംഘം നാലാം തീയതി വിശാഖപട്ടണത്തേക്കു തിരിച്ചു.

വിശാഖപട്ടണത്തെത്തിയ സംഘം ദാക്ഷായണി ഹോട്ടലിലെത്തി പ്രസാദിനെ അന്വേഷിച്ചു. മറ്റൊരു ഹോട്ടലിലാണു പ്രസാദ് താമസിക്കുന്നതെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് സംഘം പ്രസാദ് താമസിക്കുന്ന മുറിയിലെത്തി. അകത്ത് നാലുപേര്‍. പ്രസാദിനെ അന്വേഷിച്ചപ്പോള്‍ കൂട്ടത്തിലുള്ളയാള്‍ കാര്യം അന്വേഷിച്ചു. കേരളത്തില്‍നിന്നാണെന്നും കഞ്ചാവ് മൊത്തക്കച്ചവടക്കാരാണെന്നും പരിചയപ്പെടുത്തി.

എത്ര കഞ്ചാവു വേണം എന്ന ചോദ്യത്തിന് 100 വേണം എന്നു പൊലീസിന്റെ മറുപടി. കാത്തിരിക്കാനായിരുന്നു നിര്‍ദേശം. ഗുണം കുറഞ്ഞ സാധനം കുറഞ്ഞ വിലയ്ക്ക് തരാമെന്നും താല്‍പര്യമുണ്ടോയെന്നും സംഘം ചോദിച്ചു. 3,90,000 രൂപയാണ് പ്രതിഫലമായി ചോദിച്ചത്. പൊലീസ് പണം കാണിച്ച് വിശ്വാസം നേടി.

പൊലീസ് സംഘത്തിനു താമസിക്കാന്‍ കഞ്ചാവ് ഏജന്റുമാര്‍ മുറി എടുത്തുകൊടുത്തു. സംഘത്തിന്റെ വിശ്വാസം നേടാനായി പൊലീസ് അവരുമായി സൗഹൃദത്തിലായി. അവര്‍ നിരീക്ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തെ കറക്കം ഒഴിവാക്കി മുറിയില്‍തന്നെ ഇരുന്നു. ഫോണ്‍ ഉപയോഗം കുറച്ചു. ഒരു ദിവസത്തിനുശേഷം അനുകൂല മറുപടിയെത്തി. പ്രധാന ഏജന്റ് അര്‍ജുന്‍ കഞ്ചാവ് ഇടപാടിനു സമ്മതം അറിയിച്ചിട്ടുണ്ട്. വാഹനം വിട്ടുതന്നാല്‍ കഞ്ചാവ് അവര്‍ പറയുന്ന സ്ഥലത്തെത്തിക്കും.

വാഹനം കൊടുക്കാതെ കഞ്ചാവ് ഏജന്റുമാര്‍ കഞ്ചാവ് തരില്ലെന്നു നായിഡു നേരത്തെ പറഞ്ഞിരുന്നതിനാല്‍ രണ്ടു വാഹനങ്ങളിലാണ് കേരള പൊലീസ് വിശാഖപട്ടണത്തേക്കു പോയത്. പൊലീസിന്റെ ഇന്നോവ കാര്‍ കഞ്ചാവ് ഏജന്റുമാര്‍ക്കു വിട്ടുകൊടുത്തു. വിശ്വാസത്തിനായി കഞ്ചാവ് കടത്തു സംഘത്തിലെ ഒരാള്‍ പൊലീസിനൊപ്പം ഹോട്ടല്‍ മുറിയില്‍ തങ്ങി. കഞ്ചാവ് എത്തിക്കുമ്പോള്‍ പണം നല്‍കാമെന്നായിരുന്നു വ്യവസ്ഥ.

കഞ്ചാവ് പാക്കറ്റുകള്‍ ഇന്നോവയില്‍ നിറച്ച് രാത്രി രണ്ടുമണിയോടെ മലയിറങ്ങി അണ്ണാവാരത്ത് എത്തുമെന്നാണ് ഏജന്റുമാര്‍ അറിയിച്ചിരുന്നത്. ആറംഗ പൊലീസ് സംഘം ബൈപാസില്‍ കാത്തുനിന്നു. 3 മണിക്ക് ആന്ധ്ര പൊലീസിന്റെ ഹൈവേ പട്രോളിങ് സംഘം അതുവഴികടന്നുപോയതിനാല്‍ കഞ്ചാവ് നിറച്ച വാഹനം എത്തിയില്ല. ഒടുവില്‍ 5 മണിക്ക് ബൈക്കിന്റെ അകമ്പടിയോടെ കഞ്ചാവ് നിറച്ച ഇന്നോവ എത്തി. പിടികൂടാന്‍ ശ്രമിച്ചതോടെ സംഘം ഓടി.

ഏറെ നേരത്തെ തിരച്ചിലിലും ആരെയും കിട്ടിയില്ല. ഒടുവില്‍ കസ്റ്റഡിയിലുള്ള സംഘാംഗം ശ്രീനിവാസുമായി പൊലീസ് സംഘം ആന്ധ്ര പൊലീസിന്റെ സഹായം തേടി. അവരുടെ അന്വേഷണത്തില്‍ കഞ്ചാവുമായി വന്ന സംഘത്തില്‍ തോക്കുള്ള മാവോവാദി ഉണ്ടായിരുന്നതായി വ്യക്തമായി. അപ്പോഴാണ് നിങ്ങള്‍ക്ക് ഇപ്പോഴും തല ഉള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന കമന്റ് ആന്ധ്രപൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഒരു ലാത്തിപോലും ഇല്ലാതെയാണു നക്‌സല്‍ മേഖലയില്‍ കഞ്ചാവ് സംഘത്തെ പിടിക്കാന്‍ പൊലീസ് എത്തിയത്. ബൈപാസില്‍നിന്ന് 100 കിലോമീറ്ററോളം അകലെയാണു കഞ്ചാവ് വളര്‍ത്തുന്ന മലകളെന്നും ഇവിടെ പരിശോധന സാധ്യമല്ലെന്നും ആന്ധ്ര പൊലീസ് അറിയിച്ചു. ഇടുക്കി സ്വദേശിയായ ആലിലക്കണ്ണന്‍ എന്നുവിളിക്കുന്ന ആളാണ് മേഖലയിലെ വലിയ കടത്തുകാരനെന്ന വിവരവും പൊലീസിനു ലഭിച്ചു.

ആന്ധ്ര പൊലീസിന്റെ സഹായത്തോടെ ശ്രീനിവാസിനെ കേരളത്തിലെത്തിച്ചു റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ ഗോപന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍,
രഞ്ജിത്ത്, അതുല്‍, ഷിബു, നജീം ബഷീര്‍ എന്നിവരാണു പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പൊലീസ് ഒപ്പറേഷന് നേതൃത്വം നല്‍കിയ സംഘത്തെ എഡിജിപി മനോജ് എബ്രഹാം അഭിനന്ദിച്ചു.

Top