തിരുവനന്തപുരം: വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനൊരുങ്ങി കേരളാ പൊലീസ്. ഇതിനായി ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നിലവിലെ ഹെലികോപ്റ്ററിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണു നടപടി. ആറു പേര്‍ക്കു സഞ്ചരിക്കാവുന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ 3 വര്‍ഷത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്.
നേരത്തെ പവന്‍ ഹാന്‍സ് കമ്പനിയില്‍ നിന്നാണു സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തിരുന്നത്. വാടക, കോപ്റ്ററിന്റെ സംരക്ഷണം എന്നിവയ്ക്കായി ചെലവഴിച്ചത് 22.21 കോടി രൂപയാണ്. വാടക മാത്രം 21.64 കോടി. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് സര്‍ക്കാര്‍ പവന്‍ ഹാന്‍സ് കമ്പനിക്കു കരാര്‍ നല്‍കിയത്.
ഇതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് നല്‍കാന്‍ പല കമ്പനികളും തയാറായിരുന്നുവെങ്കിലും സര്‍ക്കാര്‍ പവന്‍ ഹാന്‍സിന് കരാര്‍ നല്‍കുവാനുള്ള തീരുമാനമായിരുന്നു അന്തിമമായെടുത്തത്.